

2026 ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സെഞ്ച്വറിക്ക് തുല്യമായ അർധ സെഞ്ച്വറിയുമായി മുന്നിൽനിന്നു നയിച്ച ഓപ്പണർ സഞ്ജു സാംസൺ (50 പന്തിൽ 97*) ആണ് ഇന്ത്യയുടെ വിജയശിൽപി. ഇന്ത്യയുടെ മാച്ച് വിന്നിങ് ഇന്നിങ്സുമായി കളംനിറഞ്ഞ സഞ്ജു സാംസണാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.
പ്ലേയർ ഓഫ് ദ മാച്ച് പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സഞ്ജുവിന്റെ വാക്കുകളും ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. ‘ഈ നിമിഷം എനിക്ക് ലോകത്തോളം വലുതാണ്. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ ദിവസം മുതല്‍, രാജ്യത്തിന് കളിക്കാന്‍ സ്വപ്നം കണ്ട ദിവസം മുതല്‍, ഞാന്‍ കാത്തിരുന്ന ദിവസമാണിത്. ഞാൻ വളരെയധികം നന്ദിയുള്ളവനാണ്. എന്റെ യാത്രയില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരുന്നു. ഞാന്‍ എന്നെത്തന്നെ സംശയിക്കുകയും ചെയ്തിരുന്നു. 'എന്ത് സംഭവിക്കും', 'എന്നെക്കൊണ്ട് ഇത് സാധിക്കുമോ' എന്നെല്ലാം ചിന്തിച്ചിരുന്നു. പക്ഷേ ഞാന്‍ എന്നിൽ വിശ്വാസമർപ്പിക്കുന്നത് തുടര്‍ന്നു. ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. ഞാന്‍ വളരെ സന്തോഷവാനാണ്', സഞ്ജു പറഞ്ഞു.
'ഈ ഫോര്‍മാറ്റിൽ ഞാന്‍ ഒരുപാട് കാലമായി കളിക്കുന്നുണ്ട്. വിരാട് കോഹ്ലിയെയും രോഹിത് ശര്‍മയെയും പോലുള്ള ഇതിഹാസതാരങ്ങള്‍ കളിക്കുന്നത് ഡഗ്ഔട്ടില്‍ ഇരുന്ന് ഞാന്‍ കണ്ടുപഠിക്കാറുണ്ടായിരുന്നു. ആ അനുഭവം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞാൻ ഒരുപക്ഷേ 50-60 മത്സരങ്ങളേ കളിച്ചിട്ടുണ്ടാകൂ, പക്ഷേ നൂറിലധികം മത്സരങ്ങൾ ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. മികച്ച താരങ്ങൾ എങ്ങനെയാണ് മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നതെന്നും സാഹചര്യത്തിനനുസരിച്ച് എങ്ങനെയാണ് കളി മാറ്റുന്നതെന്നും ഞാൻ കണ്ടു പഠിച്ചു'
Sanju Samson said "Had a lots of ups & downs, kept doubting myself, thinking will I make it - but I am thankful to the almighty for blessing me today". pic.twitter.com/tkBFipgkM5
— Johns. (@CricCrazyJohns) March 1, 2026
'ഞാന്‍ ഇത്രയും മികച്ചൊരുകാര്യം ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളില്‍ ഒന്നാണിത്. ആരാധകര്‍ ഒരുപാട് പിന്തുണയും ഊര്‍ജ്ജവും നല്‍കുന്നുണ്ട്. ഞാന്‍ പന്ത് കൃത്യമായി നിരീക്ഷിച്ച് ഷോട്ടുകള്‍ കളിച്ചു. എന്നില്‍ത്തന്നെ വിശ്വസിച്ചു', സഞ്ജു കൂട്ടിച്ചേർത്തു.
Content Highlights: T20 World Cup 2026: 'kept doubting myself', Sanju Samson after match-winning Knock