

ടി20 ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിച്ച ക്ലാസിക് ഇന്നിങ്സ് കാഴ്ചവെച്ച സഞ്ജു സാംസണെ ആഘോഷമാക്കുകയാണ് കായികരംഗം. മോശം ഫോമിന്റെ പേരില്‍ ഏറ്റുവാങ്ങിയ വിമർശനങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ് ഈഡൻ ഗാർഡൻസില്‍ സഞ്ജു നല്‍കിയത്. ക്രിക്കറ്റിലെ മുന്‍ താരങ്ങളടക്കം മലയാളി താരത്തെ വാഴ്ത്തിപ്പാടാന് മത്സരിക്കുകയാണ്.
ഇപ്പോഴിതാ സഞ്ജുവിന്റെ ഇന്നിങ്സിനെയും ഫിറ്റ്നസിനെയും വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരം ഇർഫാൻ പത്താൻ. ഇതിഹാസ താരം വിരാട് കോഹ്ലിയുടെ ഇന്നിങ്സുകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്ങെന്നാണ് ഇർഫാൻ പത്താൻ അഭിപ്രായപ്പെടുന്നത്. സഞ്ജുവിന് അവസരം ലഭിക്കാത്തപ്പോള്‍ ആരാധകര്‍ ഉയര്‍ത്താറുള്ള 'ജസ്റ്റിസ് ഫോര്‍ സഞ്ജു' എന്ന ഹാഷ്ടാഗിനെക്കുറിച്ചും പത്താന് പരാമര്‍ശിച്ചു.
'തന്റെ കഴിവിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്ന ഇന്നിങ്സാണ് സഞ്ജു സാംസണ് കാഴ്ചവെച്ചത്. വിജയത്തിന് ശേഷം മൈതാനത്തിരുന്ന് ദൈവത്തിന് നന്ദി പറഞ്ഞ ആ സെലിബ്രേഷൻ എത്രമാത്രം നന്ദിയുള്ളവനാണ് അദ്ദേഹമെന്ന് കാണിച്ചുതന്നു. 20 ഓവര്‍ വിക്കറ്റ് കീപ്പിങ് ചെയ്ത ശേഷം വീണ്ടും 20 ഓവര്‍ ബാറ്റ് ചെയ്യുക എന്നത് അദ്ദേഹത്തിന്റെ മികച്ച ഫിറ്റ്നസിന്റെ തെളിവാണ്. മുമ്പ് വിരാട് കോഹ്ലിയെപ്പോലെയുള്ള ഇതിഹാസ താരങ്ങൾ കളിച്ചിട്ടുള്ള അവിശ്വസനീയമായ ഇന്നിംഗ്സുകളെ ഓര്‍മിപ്പിക്കുന്ന പ്രകടനമായിരുന്നു സഞ്ജുവിന്റേത്', പത്താന് പറഞ്ഞു.
'ഇത് 'ജസ്റ്റിസ് ഫോർ സഞ്ജു സാംസൺ' ആയിരുന്നില്ല, സഞ്ജു സാംസൺ തന്നെ നടപ്പിലാക്കിയ നീതിയായിരുന്നു ഇത്. വരും കാലങ്ങളില്‍ ഈ ലോകകപ്പിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ സഞ്ജുവിന്റെ ഈ ഇന്നിങ്സ് ഒരു കഥയായി പറയപ്പെടും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് സെമിഫൈനലില്‍ എത്താന്‍ ആരെങ്കിലും ഒരാള്‍ പ്രത്യേകമായി എന്തെങ്കിലും ചെയ്യേണ്ടിയിരുന്നു. സഞ്ജു അത് കൃത്യമായി ചെയ്തു.'' പത്താന് കൂട്ടിചേര്‍ത്തു.
അതേസമയം 2026 ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സെഞ്ച്വറിക്ക് തുല്യമായ അർധ സെഞ്ച്വറിയുമായി മുന്നിൽനിന്നു നയിച്ച ഓപ്പണർ സഞ്ജു സാംസൺ (50 പന്തിൽ 97*) ആണ് ഇന്ത്യയുടെ വിജയശിൽപി. ഇന്ത്യയുടെ മാച്ച് വിന്നിങ് ഇന്നിങ്സുമായി കളംനിറഞ്ഞ സഞ്ജു സാംസണാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.
Content Highlights: T20 World Cup: Irfan Pathan says Sanju Samson reminded of Virat Kohli with his knock