'വിഷമിക്കരുത്, നിന്റെ അവസരം വരും'; അന്ന് സഞ്ജുവിനെ കെട്ടിപ്പിടിച്ച് രോഹിത് പറഞ്ഞു, ഇന്ന് യാഥാർത്ഥ്യം

ഐസിസി പങ്കുവെച്ച വീഡിയോ ഏറ്റെടുത്ത് ആരാധകർ

'വിഷമിക്കരുത്, നിന്റെ അവസരം വരും'; അന്ന് സഞ്ജുവിനെ കെട്ടിപ്പിടിച്ച് രോഹിത് പറഞ്ഞു, ഇന്ന് യാഥാർത്ഥ്യം
dot image

ടി20 ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിച്ച ക്ലാസിക് ഇന്നിങ്‌സ് കാഴ്ചവെച്ച സഞ്ജു സാംസണെ ആഘോഷമാക്കുകയാണ് കായികരംഗം. മോശം ഫോമിന്‍റെ പേരില്‍ ഏറ്റുവാങ്ങിയ വിമർശനങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ് ഈഡൻ ഗാർഡൻസില്‍ സഞ്ജു നല്‍കിയത്. ക്രിക്കറ്റിലെ മുന്‍ താരങ്ങളും ക്രിക്കറ്റ് പ്രേമികളുമെല്ലാം മലയാളി താരത്തെ വാഴ്ത്തിപ്പാടാന്‍ മത്സരിക്കുകയാണ്.

ഇതിനിടെ സഞ്ജു സാംസണും ഇന്ത്യയുടെ മുൻ ടി20 ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ രോഹിത് ശർമയും തമ്മിലുള്ള വീഡിയോയാണ് വൈറലാവുന്നത്. ടൂർണമെന്റിൽ യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരത്തിനു മുമ്പായി ഇന്ത്യൻ ടീമിനെ കണ്ട് സംസാരിക്കവേ സഞ്ജുവിനോട് രോഹിത് പറഞ്ഞ വാക്കുകളാണ് വീഡിയോയിലുള്ളത്. ഐസിസിയുടെ ലോകകപ്പ് അംബാസഡറായ രോഹിത്, മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരം കാണാനെത്തിയിരുന്നു. ഇതിനിടെയാണ് സഞ്ജുവിനോടും രോഹിത് സംസാരിച്ചത്.

'എന്തൊക്കെയുണ്ട്', എന്നുചോദിച്ച് കെട്ടിപ്പിടിച്ച രോഹിത്തിനോട് ഞാൻ ഓക്കെയാണെന്ന് സഞ്ജു പറയുന്നുണ്ട്. 'വിഷമിക്കരുത്. ഇതൊരു വലിയ ടൂർണമെന്റാണ്. നിങ്ങൾക്ക് അവസരം ലഭിക്കും. അവസരം എപ്പോൾ വേണമെങ്കിലും വരാം.'' എന്നായിരുന്നു സഞ്ജുവിനെ കെട്ടിപ്പിടിച്ചുകൊണ്ടുതന്നെ രോഹിത് പറയുന്നത് രോഹിത് അന്ന് പറഞ്ഞ വാക്കുകൾ ഇന്ന്, ടൂർണമെന്റിൻ‌റെ 23-ാം ദിനം യാഥാർത്ഥ്യമായെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഐസിസി പങ്കുവെച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

അതേസമയം 2026 ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സെഞ്ച്വറിക്ക് തുല്യമായ അർധ സെഞ്ച്വറിയുമായി മുന്നിൽനിന്നു നയിച്ച ഓപ്പണർ സഞ്ജു സാംസൺ (50 പന്തിൽ 97*) ആണ് ഇന്ത്യയുടെ വിജയശിൽപി. ഇന്ത്യയുടെ മാച്ച് വിന്നിങ് ഇന്നിങ്സുമായി കളംനിറഞ്ഞ സഞ്ജു സാംസണാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

Content Highlights: You will get your chance: Rohit Sharma’s powerful pep talk to Sanju Samson before T20 World Cup goes viral

dot image
To advertise here,contact us
dot image