

2026 ടി20 ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ടീമിന് കടുത്ത ശിക്ഷാ നടപടികളുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി). സെമിഫൈനൽ കാണാതെ പുറത്തായ ടീമിലെ ഓരോ താരവും 50 ലക്ഷം പാകിസ്താൻ രൂപ (ഏകദേശം 16.28 ലക്ഷം ഇന്ത്യൻ രൂപ) വീതം പിഴയൊടുക്കണമെന്ന് എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ടീമിലെ എല്ലാ താരങ്ങൾക്കും ഇത്രയും വലിയ തുക പിഴയായി ചുമത്തുന്നത്. ലോകകപ്പിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ടീമിന് ഉയരാൻ കഴിയാതെ പോയതാണ് ബോർഡിനെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോടേറ്റ പരാജയമാണ് പിസിബിയെ ചൊടിപ്പിച്ചത്. സൂപ്പർ 8 ഘട്ടത്തിൽ ഇംഗ്ലണ്ടിനോടും തോറ്റ പാകിസ്ഥാൻ, ശ്രീലങ്കയ്ക്കെതിരെ കഷ്ടിച്ച് ജയിച്ചെങ്കിലും അത് സെമി യോഗ്യതയ്ക്ക് മതിയാകുമായിരുന്നില്ല. ഐസിസി ടൂർണമെന്റുകളില് ടീം തുടർച്ചയായി പരാജയപ്പെടുന്നതിലും മോശം പ്രകടനം ആവർത്തിക്കുന്നതിലും ബോർഡ് അധികൃതർ കടുത്ത അതൃപ്തിയിലാണ്. ഈ സാഹചര്യത്തിലാണ് പിസിബി കടുത്ത നടപടകളിലേക്ക് കടക്കുന്നത്.
ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ മുൻ ക്യാപ്റ്റൻ ബാബർ അസം, നിലവിലെ ക്യാപ്റ്റൻ സൽമാൻ അലി ആഗ, സീനിയർ താരങ്ങളായ ഷദബ് ഖാൻ, ഷഹീൻ അഫ്രീദി, മുഹമ്മദ് നവാസ് എന്നിവർ രാജ്യത്ത് കടുത്ത വിമർശനമാണ് നേരിടുന്നത്. നാട്ടിൽ തിരിച്ചെത്തിയാലുടൻ സൽമാൻ അലി ആഗ പാകിസ്താന്റെ ക്യാപ്റ്റൻസി ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഹെഡ് കോച്ച് മൈക്ക് ഹെസ്സനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഫോമില്ലാതിരുന്നിട്ടും ഷദാബ് ഖാനെ ടീമിൽ നിലനിർത്തിയതിനെ മുൻ പരിശീലകൻ സഖ്ലൈൻ മുഷ്താഖ് വിമർശിച്ചിരുന്നു. വരും ദിവസങ്ങളിൽ പാകിസ്താൻ ക്രിക്കറ്റിൽ വമ്പൻ അഴിച്ചുപണികൾ ഉണ്ടാകുമെന്നാണ് സൂചന.
Content Highlights: Pakistan Cricket Board fines each player after T20 World Cup 2026 setback, Reports