ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിലെത്തിയതിന് പിന്നാലെ പുതിയ ആരോപണവുമായി മുന്‍ പാകിസ്താൻ താരം മുഹമ്മദ് ആമിർ. മത്സരത്തിൽ ഷിമ്രോൺ ഹെറ്റ്മെയർ പുറത്തായ രീതി സംശയാസ്പദമാണെന്നും ഹെറ്റ്മെയര്‍ പുറത്തായിരുന്നില്ലെങ്കിൽ ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്താകുമായിരുന്നുവെന്നുമാണ് ആമിറിന്റെ വിചിത്രമായ വാദം.
മത്സരത്തിൽ 11 പന്തിൽ 27 റണ്‍സുമായി തകർത്തടിച്ച ഹെറ്റ്മെയറെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ സഞ്ജു സാംസണ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ബുംറയുടെ പന്ത് ഹെറ്റ്മെയറുടെ ബാറ്റിലുരസിയാണ് സഞ്ജുവിന്റെ കൈകളിലെത്തിയത്. അംപയർ ഔട്ട് വിളിച്ചെങ്കിലും ഹെറ്റ്മെയർ റിവ്യൂ നൽകി. അൾട്രാ എഡ്ജിൽ പന്ത് ബാറ്റിൽ തട്ടിയെന്ന് വ്യക്തമായതോടെ തേർഡ് അംപയറും ഔട്ട് ശരിവെച്ചു.
എന്നാൽ ഹെറ്റ്മെയർ ഔട്ടല്ലെന്നാണ് ആമിർ വാദിക്കുന്നത്. ഹെറ്റ്മെയറുടെ വിക്കറ്റ് സംശയാസ്പദമാണ്. ഹെറ്റ്മെയര്‍ ഔട്ടല്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഹെറ്റ്മെയര്‍ കുറച്ചുനേരം കൂടി ക്രീസിൽ നിന്നിരുന്നെങ്കിൽ വിന്‍ഡീസ് സ്കോർ 220-230 എത്തുമായിരുന്നു. അങ്ങനെയാണെങ്കിൽ ഇന്ത്യ ഇന്ന് ലോകകപ്പിൽ നിന്ന് പുറത്തായേനെയെന്നും ആമിർ പറഞ്ഞു.
ഇന്ത്യ സെമിയിലെത്തിയെങ്കിലും അവർ കിരീടം നേടാൻ സാധ്യതയില്ലെന്നും ആമിർ പറഞ്ഞു. ഇന്ത്യയുടെ ഫീൽഡിംഗ് മോശമാണെന്നും ബുംറ ഒഴികെ മറ്റെല്ലാ ബൗളർമാരും തല്ലുവാങ്ങുകയാണെന്നും ആമിർ പരിഹസിച്ചു.
ഇന്ത്യ സെമിയിലെത്തില്ലെന്ന് ടൂർണമെന്റിന് മുൻപേ പ്രവചിച്ച ആളാണ് ആമിർ. ആ പ്രവചനം തെറ്റിയതിന്റെ നിരാശയിലാണ് താരം ഇത്തരം വിഡ്ഢിത്തങ്ങൾ പറയുന്നതെന്ന് ഇന്ത്യൻ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വ്യാഴാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ നേരിടുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് ലോകകപ്പ് സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത്.
Content Highlights: Mohammad Amir, Who Said India Will Not Reach T20 World Cup Semifinals says another one