മധ്യേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടയിൽ യുഎഇയിൽ കുടുങ്ങിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ നാട്ടിലെത്തിക്കണമെന്ന അപേക്ഷയുമായി പ്രമുഖ താരം ജോണി ബെയർസ്റ്റോ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറോട് സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ അഭ്യർത്ഥന നടത്തിയത്.
ഇംഗ്ലണ്ട് ലയൺസ് ടീമിനൊപ്പം പരിശീലകന്റെ റോളിൽ അബുദാബിയിലുള്ള ബെയർസ്റ്റോ, നിലവിലെ സംഘർഷാവസ്ഥയിൽ ടീമിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. പ്രധാനമന്ത്രി ശനിയാഴ്ച പങ്കുവെച്ച ഒരു പ്രസ്താവനയ്ക്ക് മറുപടിയായി, ഞങ്ങളെ എങ്ങനെയെങ്കിലും ഒന്ന് നാട്ടിലെത്തിക്കാമോ?, എന്ന് ബെയർസ്റ്റോ എക്സിൽ കുറിച്ചു.
ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതിനെത്തുടർന്ന് അബുദാബിയിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഘര്‍ഷ സാഹചര്യത്തില്‍ ഇന്ന് നടക്കേണ്ട പാകിസ്താൻ എ ടീമും ഇംഗ്ലണ്ട് എ ടീമും തമ്മിൽ നടക്കേണ്ടിയിരുന്ന ഏകദിന മത്സരം സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി.
സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) വ്യക്തമാക്കി. താരങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുമെന്നും ഇസിബി വ്യക്തമാക്കി.
Content Highlights: jonny bairstow appeal -to uk pm as war shakes abudhabi