മൂന്നാം ഏകദിനത്തിലും ഇന്ത്യയെ പരാജയപ്പെടുത്തി; പരമ്പര തൂത്തുവാരി ഓസീസ് വനിതകള്‍, ഹീലിക്ക് പടിയിറക്കം

വിടവാങ്ങല്‍ മത്സരം കളിക്കുന്ന സൂപ്പര്‍ താരം അലീസ ഹീലിയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് ഓസ്‌ട്രേലിയയെ കൂറ്റന്‍ ടോട്ടലിലേക്ക് നയിച്ചത്

ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ. മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ 185 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയാണ് ഓസീസ് വനിതകള്‍ പരമ്പര നേടിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഓസ്‌ട്രേലിയ ഇന്ത്യയെ വീഴ്ത്തിയിരുന്നു.

വിടവാങ്ങല്‍ മത്സരം കളിക്കുന്ന സൂപ്പര്‍ താരം അലീസ ഹീലിയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് ഓസ്‌ട്രേലിയയെ കൂറ്റന്‍ ടോട്ടലിലേക്ക് നയിച്ചത്. ആദ്യം ബാറ്റുചെയ്ത ഓസീസ് വനിതകള്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 45.1 ഓവറില്‍ 224 റണ്‍സിന് ഇന്ത്യന്‍ വനിതകള്‍ ഓള്‍ഔട്ടാവുകയായിരുന്നു.

98 പന്തില്‍ 158 റണ്‍സാണ് ഹീലി നേടിയത്. രണ്ട് സിക്‌സും, 27 ഫോറും താരം നേടി. 84 പന്തില്‍ 106 റണ്‍സുമായി ബേത്ത് മൂണി പുറത്താകാതെ നിന്നു. 52 പന്തില്‍ 62 റണ്‍സെടുത്ത ജോര്‍ജിയ വോള്‍, പുറത്താകാതെ 15 പന്തില്‍ 34 റണ്‍സെടുത്ത നിക്കോള കാരി എന്നിവരും ഓസ്ട്രേലിയയയ്ക്ക് വേണ്ടി തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി സ്‌നേഹ് റാണയും എന്‍ ചരണിയും രണ്ട് വിക്കറ്റ് വീതവും, കാശ്‌വീ ഗൗതമും, രേണുക സിങും, ദീപ്തി ശര്‍മയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. സ്‌നേഹ് റാണ ഓള്‍ റൗണ്ട് മികവ് പുറത്തെടുത്തു.

മറുപടി ബാറ്റിങ്ങിൽ‌ 74 പന്തില്‍ 44 റണ്‍സെടുത്ത സ്‌നേഹ് റാണയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 29 പന്തില്‍ 42 റണ്‍സെടുത്ത ജെമീമ റോഡ്രിഗസും മികച്ച പ്രകടനം പുറത്തെടുത്തു. മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. നാല് വിക്കറ്റെടുത്ത അലാന കിങ് ഓസ്‌ട്രേലിയക്കായി തിളങ്ങി

Content Highlights: AUS-W vs IND-W: Alyssa Healy qsigns off in style as Australia sweeps series 3-0 against India

To advertise here,contact us