ചരിത്രത്തിനരികെ..; രഞ്ജിയിൽ ജമ്മു-കശ്മീരിന്‍റെ ചരിത്ര വിജയം നേരിട്ടുകാണാൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല

രഞ്ജി ട്രോഫിയിൽ ജമ്മു-കശ്മീരിന്‍റെ ചരിത്ര വിജയം നേരിട്ടു കാണാൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും സംഘവും ഹുബ്ബള്ളിയിലെത്തി

രഞ്ജി ട്രോഫിയിൽ ജമ്മു-കശ്മീരിന്‍റെ ചരിത്ര വിജയം നേരിട്ടു കാണാൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും സംഘവും ഹുബ്ബള്ളിയിലെത്തി. കന്നിക്കിരീടമെന്ന സ്വപ്നസാഫല്യത്തിലേക്ക് കശ്മിരീന് ഇനി ഒരു പകൽ ദൂരംമാത്രമാണുള്ളത്. കരുത്തരായ കർണാടകക്കെതിരെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് നേടി വിജയത്തിനരികിലാണ് ടീം. നാലാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 477 റൺസ് മുന്നിലാണ്, വീണത് നാലു വിക്കറ്റുകളും.

ബാക്കിയുള്ള ആറു വിക്കറ്റ് കൂടി വീഴ്ത്തി കൂറ്റൻ ലീഡ് മറികടക്കുക കർണാടകക്ക് അസാധ്യം. അത്ഭുതങ്ങൾ സംഭവിച്ചാലും ആതിഥേയർക്ക് വിജയം എത്തിപിടിക്കാനാവില്ല. സമനില പിടിച്ചാലും രക്ഷയില്ല, ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിൽ കശ്മീർ ജേതാക്കളാകും.

ആക്വിബ് നബിയുടെ തകർപ്പൻ ബൗളിങ്ങാണ് കർണാടകയുടെ പ്രതീക്ഷകൾ തകർത്തത്. അഞ്ചു വിക്കറ്റുകൾ നേടിയ നബി, രഞ്ജി സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് തന്റെ പേരിലാക്കി.

ജമ്മു-കശ്മീരിന്‍റെ പ്രഥമ ഫൈനൽ പ്രവേശനം തന്നെ വലിയ നിമിഷമാണെന്നാണ് ഉമർ അബ്ദുല്ല പ്രതികരിച്ചത്. ‘ജമ്മു-കശ്മീർ രഞ്ജി ട്രോഫി ഫൈനലിൽ എത്തുന്നത് ആദ്യമാണ്. ഞങ്ങൾക്കിത് വലിയ നിമിഷമാണ്. കിരീടം നേടാനാകില്ലെന്നാണ് പലരും പ്രതികരിച്ചത്. എന്നാൽ, ഒന്നാം ഇന്നിങ്സിലെ ടീമിന്‍റെ പ്രകടനത്തിലൂടെ തന്നെ കിരീടം ഏറെക്കുറെ ഉറപ്പിക്കാനായി’ -ഉമർ അബ്ദുല്ല പറഞ്ഞു.

Content Highlights: J&K on maiden Ranji Trophy title as CM Omar Abdullah heads to final venue

To advertise here,contact us