ടി 20 ലോകകപ്പിലെ സിംബാബ്വെയ്ക്കെതിരെയുള്ള ഇന്ത്യയുടെ നിർണായക സൂപ്പർ എട്ട് പോരാട്ടത്തിന്റെ കമന്ററിക്കിടെ ആകാശ് ചോപ്രയെ തിരുത്തി സുരേഷ് റെയ്ന. ആകാശ് മത്സരത്തെ കുറിച്ച് വിശകലനം ചെയ്യുമ്പോഴാണ് റെയ്ന ഇടപ്പെട്ടത്.
ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് സഞ്ജു സാംസണ് - അഭിഷേക് ശര്‍മ സഖ്യം നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 48 റണ്‍സ് ചേര്‍ത്തിരുന്നു. സഞ്ജു നല്കിയ തുടക്കം പിന്നീട് അഭിഷേക് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് വന്നവരെല്ലാം ആ തുടക്കം മുതലാക്കി കത്തിക്കയറി.
ഇതിനിടെയാണ് ആകാശിന്റെ വിശകലനം വന്നത്. പിച്ച് ഇന്ന് കൂടുതല്‍ മെച്ചപ്പെട്ടതായും ബാറ്റിംഗിന് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടായതുമാണ് ഇന്ത്യയുടെ മികച്ച തുടക്കത്തിന് കാരണമെന്നുമാണ് ആകാശ് പറഞ്ഞത്. എന്നാല്‍ സുരേഷ് റെയ്ന ഇതിനോട് ഉടന്‍ തന്നെ വിയോജിച്ചു. പിച്ച് പഴയതുപോലെ തന്നെയാണെന്നും സാഹചര്യങ്ങളില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥ മാറ്റം ടീമിലെ താരങ്ങളിലാണെന്നായിരുന്നു റെയ്നയുടെ പക്ഷം. റെയ്ന 'ആകാശ് ഭായ്, പിച്ച് പഴയത് തന്നെയാണ്. യഥാര്‍ത്ഥ മാറ്റം ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്ററിലാണ്. സഞ്ജു സാംസണ് ടീമിലേക്ക് വന്നതാണ് ആ കരുത്തുറ്റതും പോസിറ്റീവുമായ തുടക്കത്തിന് കാരണം.' റെയ്ന പറഞ്ഞു.
നിര്‍ണായക മത്സരത്തില്‍ 15 പന്തില്‍ 24 റണ്‍സാണ് സഞ്ജു നേടിയത്. ഇന്നിംഗ്സ് ചെറുതായിരുന്നെങ്കിലും സഞ്ജു ഉണ്ടാക്കിയ ഇംപാക്റ്റ് വലുതായിരുന്നു. തുടക്കം മുതല്‍ ആക്രമിച്ചാണ് സഞ്ജു കളിച്ചത്. രണ്ട് സിക്സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. അഭിഷേക് ശര്‍മയ്ക്കൊപ്പം സ്കോര്‍ബോര്‍ഡില്‍ 48 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് സഞ്ജു മടങ്ങിയത്.
സിംബാബ്വെയെ 72 റണ്‍സിനാണ് ഇന്ത്യ തകര്‍ത്ത്. ഇന്ത്യ ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഓപ്പണര്‍ റയാന് ബെന്നറ്റ് വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി പൊരുതി നോക്കിയെങ്കിലും 72 റണ്‍സകലെ സിംബാബ്വെ അടിതെറ്റി വീണു. 59 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ റയാന് ബെന്നറ്റാണ് സിംബാബ്വെയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 21 പന്തില്‍ 31 റണ്‍സടിച്ചപ്പോള്‍ ഓപ്പണര്‍ മറുമാനി 20 പന്തില്‍ 20 റണ്‍സെടുത്തു.
ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്നും അക്സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ സെമി സാധ്യതകള്‍ സജീവമാക്കിയ ഇന്ത്യക്ക് ഞായറാഴ്ച കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന അവസാന സൂപ്പര്‍ 8 മത്സരം ജയിച്ചാല്‍ ദക്ഷിണാഫ്രിക്കക്കൊപ്പം സെമി ടിക്കറ്റെടുക്കാം.
Content Highlights : T20 worldcup 2026 ; Suresh Raina correct Aakash Chopra in sanju samson case; ind vs zim