'ടീമും ആരാധകരും ആഗ്രഹിച്ചത് സഞ്ജു നൽകി'; ഇന്നിങ്സിനെ വാഴ്ത്തി ദിനേശ് കാര്‍ത്തിക്

സിംബാബ്‌വെക്കെതിരെയുള്ള മത്സരത്തിലെ പ്രകടനത്തിന് സഞ്ജു സാംസണെ വാഴ്ത്തി മുൻ ഇന്ത്യൻ താരം ദിനേശ് കാര്‍ത്തിക്.

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ സിംബാബ്‌വെക്കെതിരെയുള്ള മത്സരത്തിലെ പ്രകടനത്തിന് സഞ്ജു സാംസണെ വാഴ്ത്തി മുൻ ഇന്ത്യൻ താരം ദിനേശ് കാര്‍ത്തിക്. 'ഇന്ത്യന്‍ ടീം എന്താണോ ആശിച്ചത്, അത് സഞ്ജു സാംസണ്‍ ചെയ്ത് കാണിച്ചു. ടീമിന് മികച്ച തുടക്കം നല്‍കാന്‍ സഞ്ജുവിന് കഴിഞ്ഞു. അഭിഷേക് ശര്‍മയ്ക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ അവസരമൊരുക്കിയത് സഞ്ജുവാണ്. റിസ്‌ക്കെടുത്തത് മുഴുവന്‍ സഞ്ജുവാണ്. റിസ്‌ക്ക് ഏറ്റെടുക്കുമ്പോള്‍, ചിലപ്പോഴൊക്കെ അത് പിഴയ്ക്കാനും സാധ്യതയുണ്ട്.' കാര്‍ത്തിക് പറഞ്ഞു.

നിര്‍ണായക മത്സരത്തില്‍ 15 പന്തില്‍ 24 റണ്‍സാണ് സഞ്ജു നേടിയത്. ഇന്നിംഗ്‌സ് ചെറുതായിരുന്നെങ്കിലും സഞ്ജു ഉണ്ടാക്കിയ ഇംപാക്റ്റ് വലുതായിരുന്നു. തുടക്കം മുതല്‍ ആക്രമിച്ചാണ് സഞ്ജു കളിച്ചത്. രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. അഭിഷേക് ശര്‍മയ്‌ക്കൊപ്പം സ്‌കോര്‍ബോര്‍ഡില്‍ 48 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് സഞ്ജു മടങ്ങിയത്.

സിംബാബ്വെയെ 72 റണ്‍സിനാണ് ഇന്ത്യ തകര്‍ത്ത്. ഇന്ത്യ ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഓപ്പണര്‍ റയാന്‍ ബെന്നറ്റ് വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി പൊരുതി നോക്കിയെങ്കിലും 72 റണ്‍സകലെ സിംബാബ്വെ അടിതെറ്റി വീണു. 59 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ റയാന്‍ ബെന്നറ്റാണ് സിംബാബ്വെയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 21 പന്തില്‍ 31 റണ്‍സടിച്ചപ്പോള്‍ ഓപ്പണര്‍ മറുമാനി 20 പന്തില്‍ 20 റണ്‍സെടുത്തു.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്നും അക്‌സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ സെമി സാധ്യതകള്‍ സജീവമാക്കിയ ഇന്ത്യക്ക് ഞായറാഴ്ച കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന അവസാന സൂപ്പര്‍ 8 മത്സരം ജയിച്ചാല്‍ ദക്ഷിണാഫ്രിക്കക്കൊപ്പം സെമി ടിക്കറ്റെടുക്കാം.

Content Highlights : T20 worldcup 2026 ; dinesh karthik sanju samson

To advertise here,contact us