

2026 ടി20 ലോകകപ്പിലെ സൂപ്പർ എട്ട് ഘട്ടത്തിലെ നിർണായക പോരാട്ടത്തിൽ ഇന്ന് ആതിഥേയരായ ശ്രീലങ്ക ന്യൂസിലൻഡിനെ നേരിടും. സെമിഫൈനൽ സാധ്യതകൾ ശക്തമാക്കാൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകീട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
പാകിസ്താനെതിരായ തങ്ങളുടെ ആദ്യ സൂപ്പർ എട്ടു മത്സരം മഴകാരണം മുടങ്ങിയതിനു പിന്നാലെ ഒരു പോയിന്റുമായാണ് ന്യൂസിലൻഡ് ആതിഥേയർക്കെതിരെ ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് വിജയവും ഒരു തോൽവിയും നേടി ശക്തമായ പ്രകടനം കാഴ്ചവെച്ച കിവികൾക്ക് ഇനിയുള്ള മത്സരങ്ങൾ നിർണ്ണായകമാണ്. ശ്രീലങ്കയെ അവരുടെ മണ്ണിൽ തോൽപ്പിച്ചാൽ ന്യൂസിലാൻഡിന് സെമിഫൈനലിലേക്കുള്ള വഴി ഏറെക്കുറെ തുറന്നുകിട്ടും.
അതേസമയം പല്ലക്കല്ലെയിൽ നടന്ന ആദ്യ സൂപ്പർ 8 മത്സരത്തിൽ ശ്രീലങ്കയെ 51 റൺസിന് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. 147 റൺസ് മാത്രമാണ് മത്സരത്തിൽ ഇംഗ്ലണ്ട് നേടിയത്. അനായാസം ജയിക്കാമായിരുന്ന മത്സരത്തിൽ ശ്രീലങ്കൻ ബാറ്റർമാർക്ക് സംഭവിച്ച നിരവധി പിഴവുകളാണ് കാര്യങ്ങൾ കൈവിട്ട് പോകാൻ കാരണം.
Content Highlights: T20 World Cup 2026: Sri Lanka take on New Zealand in must-win Super Eight clash