രഞ്ജിട്രോഫി ഫൈനൽ; രണ്ടാം ദിനവും ജമ്മു കശ്മീർ ശക്തമായ നിലയിൽ; കർണാടകയ്ക്ക് മുന്നിൽ ഹിമാലയൻ ടോട്ടൽ

നേരത്തെ ടോസ് നേടി ജമ്മു കശ്മീർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

രഞ്ജിട്രോഫി ഫൈനലിൽ രണ്ടാം ദിനവും കർണാടകയ്ക്കെതിരെ ജമ്മു കശ്മീർ ശക്തമായ നിലയിൽ. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തില്‍ 527 റണ്‍സെന്ന ശക്തമായ നിലയിലാണ്.

ശുഭം പുന്ദീർ(121) സെഞ്ചുറിയും അബ്ദുൾ സമദ്(61), യാവര്‍ ഹസന്‍(88), കനയ്യ വാധ്‌‌വാന്‍(70ഷ സഹില്‍ ലോത്ര(57*) എന്നിവര്‍ അർദ്ധ സെഞ്ചുറികളും നേടി.57 റണ്‍സുമായി സഹില്‍ ലോത്രയും 20 റണ്‍സുമായി ആബിദ് മുഷ്താഖുമാണ് ക്രീസില്‍. കർണാടകയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണയ്ക്ക് മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ടോസ് നേടി ജമ്മു കശ്മീർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രഞ്ജി ട്രോഫിയില്‍ ആദ്യമായാണ് ജമ്മു കശ്മീര്‍ ഫൈനലിലെത്തുന്നത്. അതേസമയം, ഒമ്പതാം രഞ്ജി കിരീടമാണ് കർണാടക ലക്ഷ്യമിടുന്നത്.

അതിനിടയിൽ നാടകീയ സംഭവങ്ങളും അരങ്ങേറി. ജമ്മു കശ്മീർ ഇന്നിംഗ്‌സിലെ 101-ാം ഓവറിലാണ് സംഭവം നടന്നത്. കർണാടക ഫീൽഡർ കെ.വി അനീഷിനെ ജമ്മു ക്യാപ്റ്റൻ പരസ് ദോഗ്ര തലകൊണ്ട് ഇടിക്കുകയായിരുന്നു.

ഓവറിലെ ഒരു പന്തിൽ ഔട്ട് സൈഡ് എഡ്ജിലൂടെ ദോഗ്രയ്ക്ക് ബൗണ്ടറി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഫീൽഡർമാരും ദോഗ്രയും തമ്മിൽ വാക്കു തര്‍ക്കമുണ്ടായി. സ്ലെഡ്ജിങ് അതിരുവിട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട 41-കാരനായ ദോഗ്ര അനീഷിന് നേരെ തിരിയുകയും തലകൊണ്ട് ഇടിക്കുകയുമായിരുന്നു.

അമ്പയർമാരും മറ്റ് താരങ്ങളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പിന്നീട് ദോഗ്ര അനീഷിനോട് മാപ്പ് പറഞ്ഞെങ്കിലും താരം അത് സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ.

Content Highlights: 

To advertise here,contact us