'സമയമെടുത്ത് കളിക്കുക, തിടുക്കം കാണിക്കേണ്ടാ...'; ഓർമ്മപ്പെടുത്തലുമായി അശ്വിൻ

'ഇനിയുള്ള രണ്ട് മത്സരങ്ങളിലും നമ്മൾ തിരിച്ചുവരണം. കുറച്ചുകൂടി സമയമെടുത്ത് ബാറ്റ് ചെയ്യണം, തിടുക്കം കാണിക്കേണ്ട ആവശ്യമില്ല'; രവിചന്ദ്രൻ അശ്വിൻ

2026 ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ അപരാജിത കുതിപ്പിനായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. എന്നാൽ, സൂപ്പർ 8 ൽ പ്രവേശിച്ചതും കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞു. ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ വമ്പൻ തോൽവി. തിളങ്ങാനാവാതെ ടോപ് ഓർഡർ ബട്ടർമാർ. പൂജ്യത്തിന് പുറത്തായി ഓപണർ ഇഷാൻ കിഷൻ. രണ്ട് പന്തിൽ നിന്ന് ഒരു റൺ മാത്രമെടുത്ത് മടങ്ങി തിലക് വർമ. ടീം മാനേജ്‌മെന്റും പരിശീലകരും താരങ്ങളും ഒരുപോലെ വിമർശനങ്ങൾ നേരിടുമ്പോൾ പറ്റിയ പിഴവെന്തെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ ഓൾ റൗണ്ടർ രവിചന്ദ്രൻ അശ്വിൻ.

'നമ്മുടെ ഭാഗത്തുനിന്ന് വന്ന പിഴവുകൾ കാരണമാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരം കൈവിട്ടുപോയത്. വാഷിംഗ്‌ടൺ സുന്ദറിനെ കളിപ്പിക്കാൻ തീരുമാനിക്കുമ്പോൾ അവനെ ഇടംകൈയ്യൻ ബട്ടർമാർക്കെതിരെ ഉപയോഗിക്കണമായിരുന്നു.' സുന്ദറിനെ മത്സരത്തിൽ ഉപയോഗിച്ചപ്പോൾ വരുത്തിയ വീഴ്ച്ച ചൂണ്ടിക്കാട്ടി അശ്വിൻ പറഞ്ഞു. പിഴവുകൾ എടുത്തുപറയുമ്പോഴും മികച്ച പ്രകടനം കാഴ്ച്ചവെച്ച പേസർ ജസ്പ്രീത് ബുമ്രയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

'എറിഞ്ഞത് നാല് ഓവർ, വഴങ്ങിയത് 15 റൺസ് മാത്രം, നേടിയത് മൂന്ന് വിക്കറ്റുകൾ. അങ്ങനെയൊരു ബൗളർ ടീമിൽ ഉള്ളപ്പോൾ, ഇതിനപ്പുറം ഒരു 'ചീറ്റ് കോഡ്' എന്താണ് ആവശ്യം? പലപ്പോഴും മഹത്വത്തെ വിസ്‌മരിക്കുകയും എന്നാൽ വിരമിച്ച ശേഷമാണ് അതിനെ തിരിച്ചറിയുകയും ചെയ്യുക' ബുമ്രയെ പുകഴ്ത്തികൊണ്ട് അശ്വിൻ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ നെറ്റ് റേറ്റ് നിലവിൽ കുറവാണെങ്കിലും അതിനെ കുറിച്ച് താൻ അത്രയധികം ആശങ്കപ്പെടുന്നില്ലെന്നും അശ്വിൻ പറഞ്ഞുവെച്ചു. 'നെറ്റ് റേറ്റിനെ കുറിച്ച് എനിക്ക് ആശങ്കയൊന്നുമില്ല. ഇനിയുള്ള രണ്ട് മത്സരങ്ങളിലും നമ്മൾ തിരിച്ചുവരണം. കുറച്ചുകൂടി സമയമെടുത്ത് ബാറ്റ് ചെയ്യണം, തിടുക്കം കാണിക്കേണ്ട ആവശ്യമില്ല. നമ്മുടേത് യുവനിരയാണ്. സമ്മർദ്ദം കൈകാര്യം ചെയ്യാൻ അവർ പഠിക്കണം' താരം വ്യക്തമാക്കി. കളിക്കുന്ന സാഹചര്യങ്ങളെ ബഹുമാനിക്കണമെന്നും സിംബാബ്‌വെയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്‌ചവെക്കാൻ നമുക്ക് കഴിയുമെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Content highlights: Where did India go wrong? Former Indian all rounder R Ashwin points out the reason

To advertise here,contact us