'ആ താരത്തെ പോലെ കളിക്കൂ'; തിലക് വര്‍മയ്ക്ക് പിന്തുണയുമായി മുഹമ്മദ് കൈഫ്

ടി20 ലോകകപ്പില്‍ ഫോം കണ്ടെത്താനാകാത്ത തിലക് വര്‍മയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്

2026 ടി20 ലോകകപ്പില്‍ ഫോം കണ്ടെത്താനാകാത്ത ടോപ് ഓർഡർ ബാറ്റർ തിലക് വര്‍മയ്ക്ക് പിന്തുണയുമായി ഇന്ത്യന്‍ മുൻ താരം മുഹമ്മദ് കൈഫ്. താരം ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങൾ. എന്നാൽ, 118 സ്‌ട്രൈക്ക് റേറ്റില്‍ തിലകിന് അടിച്ചെടുക്കാനായാത് 107 റണ്‍സ് മാത്രം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ തന്റെതായ ശൈലിയിൽ നിന്ന് ഒരു മാറ്റത്തിന് ശ്രമിച്ചതാണ് വിക്കറ്റിന് കാരണമായതെന്ന് കൈഫ് പറയുന്നു.

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ മാര്‍ക്കോ യാന്‍സൻ എറിഞ്ഞ പന്ത് ക്രീസിന് പുറത്തേക്കിറങ്ങി അടിക്കാന്‍ ശ്രമിച്ച തിലകിനെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഇന്ത്യൻ മുൻ താരം സുനിൽ ഗവാസ്കറും തിലകിന്റെ ഈ സമീപനത്തെ വിമർശിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൈഫും തന്റെ യൂട്യൂബ് ചാനലിലൂടെ സമാനമായ അഭിപ്രായം പങ്കുവെച്ചത്.

'തിലക് വര്‍മയ്ക്ക് കളിക്കാന്‍ തന്റെതായ ഒരു ശൈലിയുണ്ട്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഭയന്ന് വലിയ ഷോട്ടിന് അദ്ദേഹം മുതിരുന്നതാണ് ഇപ്പോൾ താരത്തിന് തിരിച്ചടിയായിരിക്കുന്നത്. കൈഫ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ടീം മാനേജ്മെന്റ് തിലകിനോട് സംസാരിക്കണമെന്നും താരം വിരാട് കോലി, നങ്കൂരമിട്ട് കളിക്കുന്നത് പോലെ ചെയ്യണമെന്നും കൂട്ടിച്ചേർത്തു. അടിച്ചുതകര്‍ത്ത് ബാറ്റ് വീശാൻ ടീമിൽ ഒരുപാട് താരങ്ങളുണ്ടെന്നും എന്നാല്‍ കളി അവസാനം വരെ എത്തിക്കാന്‍ ഒരാള്‍ ആവശ്യമാണെന്നും കൈഫ് ഓര്‍മ്മിപ്പിച്ചു.

ഫെബ്രുവരി 26 വ്യാഴാഴ്ച ചെന്നൈയില്‍ സിംബാബ്‍വെക്കെതിരെ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ തിലക് വര്‍മ തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യക്ക് ഈ മത്സരത്തില്‍ കൂറ്റൻ ജയം അനിവാര്യമാണ്.

Content highlights: T20 World Cup 2026, Tilak Varma should play like Virat Kohli says Mohammed Kaif amid poor run

To advertise here,contact us