ഹീലിയും മൂണിയും തിളങ്ങി; ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകളെ തകര്‍ത്ത് ഓസ്‌ട്രേലിയ

സ്മൃതി മന്ദാനയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും മാത്രമാണ് ഇന്ത്യൻ നിരയില്‍ പൊരുതിയത്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് ആധികാരിക വിജയം. ബ്രിസ്‌ബേൻ അലൻ ബോർഡർ ഫീൽഡിൽ നടന്ന പോരാട്ടത്തിൽ 6 വിക്കറ്റിനാണ് ആതിഥേയർ ലോക ചാമ്പ്യന്മാരായ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 214 എന്ന ചെറിയ വിജയലക്ഷ്യം 38.2 ഓവറില്‍ വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയ 1-0 ന് മുന്നിലെത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.3 ഓവറിൽ 214 റൺസിന് പുറത്തായി. സ്മൃതി മന്ദാന (58)യും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (53) മാത്രമാണ് ഇന്ത്യൻ നിരയില്‍ പൊരുതിയത്. എങ്കിലും മറ്റു താരങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചില്ല. കശ്വി ഗൗതം 43 റൺസുമായി അവസാന ഘട്ടത്തിൽ വേഗം കൂട്ടാൻ ശ്രമിച്ചു. ഓസ്ട്രേലിയയ്ക്ക് വേണ്ടി ആഷ്‌ലി ഗാർഡ്നർ മൂന്ന് വിക്കറ്റ് നേടി ഇന്ത്യൻ മധ്യനിരയെ തകർത്തു. മേഗൻ ഷട്ട് രണ്ട് വിക്കറ്റുമായി തുടക്കത്തിൽ സമ്മർദ്ദം സൃഷ്ടിച്ചു.

215 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 38.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. നായിക അലിസൻ ഹീലി 50 റൺസ് നേടി മികച്ച തുടക്കം നൽകി. ബെത് മൂണി 76 റൺസുമായി ഇന്നിംഗ്‌സിന്റെ കരുത്തായി. അനബൽ സതർലാൻഡ് 48 റൺസുമായി പുറത്താകാതെ നിന്നു വിജയം ഉറപ്പിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ശ്രീ ചരാണി രണ്ട് വിക്കറ്റ് നേടിയപ്പോൾ, ദീപ്തി ശർമ്മ ഒരു വിക്കറ്റ് സ്വന്തമാക്കി .

Content Highlights: IND-W vs AUS-W, 1st ODI: Australia beats India by six wickets

To advertise here,contact us