ഗ്രൂപ്പ് ഘട്ടത്തിലെ മുഴുവൻ മത്സരങ്ങളും ജയിച്ച് ആധികാരികമായാണ് ഇന്ത്യ ടി 20 ലോകകപ്പ് സൂപ്പർ എട്ടിലേക്ക് കടന്നത്. ഓപ്പണിങ്ങിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ മികച്ച ഫോമിൽ കളിക്കുമ്പോൾ, വൻ പ്രതീക്ഷയോടെ ടൂർണമെന്റ് കളിക്കാനെത്തിയ സഹഓപ്പണറായ അഭിഷേക് നിരാശപ്പെടുത്തുകയാണ്.
ടൂർണമെന്റിൽ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്ററാകുമെന്ന പ്രതീക്ഷിച്ചിരുന്ന അഭിഷേക് കളിച്ച മൂന്നു മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായി. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തകർത്തടിച്ച ഒന്നാം നമ്പർ ട്വന്റി20 ബാറ്റർ, സൂപ്പർ എട്ടിലേക്ക് കടക്കുമ്പോഴും ബൗളർമാരുടെ പേടിസ്വപ്നം തന്നെയാണ്.
എന്നാൽ, പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്റർ ഇന്ത്യയുടെ മധ്യനിര താരം ശിവം ദുബെയാണെന്ന് തുറന്നുപറയുകയാണ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറയുന്നു. വ്യത്യസ്ത ഷോട്ടുകൾ കളിക്കുന്ന ദുബെക്കെതിരെ പന്തെറിയുക ഒരു ബൗളറെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമാണെന്നും ഗവാസ്കർ പറയുന്നു. നെതർലൻഡ്സിനെതിരായ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ 66 റൺസ് നേടി ഇന്ത്യയുടെ വിജയത്തിന്റെ നട്ടെല്ലായത് ദുബെയായിരുന്നു.
‘ശിവം ദുബെക്ക് പന്തെറിയാൻ വളരെ ബുദ്ധിമുട്ടാണ്, കാരണം അദ്ദേഹത്തിന് വൈവിധ്യമാർന്ന ഷോട്ടുകൾ കളിക്കാനാകും. നിങ്ങൾ ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിഞ്ഞാൽ താരത്തിന് ലോങ് ഓണിൽ അടിച്ചു പറത്താനുള്ള ശക്തിയുണ്ട്. മിഡ് വിക്കറ്റിലും സ്ക്വയർ ലെഗിലും മാത്രമല്ല ദുബെക്ക് ലോങ് ഓഫിലും കളിക്കാനാകും. ഗവാസ്കർ പ്രതികരിച്ചു.
ട്വന്റി20 ലോകകപ്പ് കിരീടം നിലനിർത്താൻ ലക്ഷ്യമിടുന്ന ഇന്ത്യക്ക് സൂപ്പർ എട്ടിൽ പോരാട്ടം കനക്കും. മികച്ച ഫോമിലുള്ള മൂന്ന് ടീമുകളാണ് ഗ്രൂപ്പിൽ ഒപ്പമുള്ളത്. ഞായറാഴ്ച അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 26ന് സിംബാബ്വേയെയും മാർച്ച് ഒന്നിന് വെസ്റ്റിൻഡീസിനെയും നേരിടും.
Content highlights: Not ishan kishan, or abhishek, dube is key player In t20 worldcup