ഇന്ത്യയ്ക്കെതിരായ രണ്ടാം ടി 20 യിൽ ഓസ്ട്രേലിയയ്ക്ക് 19 റൺസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
ആർസിബി താരം ജോർജിയ വോളിന്റെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് ഓസീസിനെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 57 പന്തിൽ ഒരു സിക്സും 11 ഫോറുമടക്കം 88 റൺസെടുത്താണ് താരം പുറത്തായത്. സഹ ഓപ്പണർ ബേത്ത് മൂണിയും (39 പന്തിൽ 46) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇന്ത്യയ്ക്കായി അരുന്ധതി റെഡ്ഡി രണ്ട് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിൽ ഷെഫാലി വർമയും സ്മൃതി മന്ദാനയും ഇന്ത്യക്ക് മികച്ച തുടക്കം നൽകിയെങ്കിലും പിന്നാലെ ക്രീസിലെത്തിയവരിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനു മാത്രമാണ് പിടിച്ചുനിൽക്കാനാത്. ഷെഫാലി 23 പന്തിൽ 29 റൺസും മന്ദാന 24 പന്തിൽ 31 റൺസും എടുത്താണ് പുറത്തായത്. ഹർമൻപ്രീത് 36 റൺസ് നേടി.
ഓസീസിനായി ആഷ്ലി ഗാർഡ്നർ മൂന്നു വിക്കറ്റും കിം ഗാർത്, അന്നാബെൽ സുതർലാൻഡ്, സോഫി മൊളിനോക്സ് എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി. ഇതോടെ മൂന്നു മത്സര പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമായി. ആദ്യ മത്സരം ഇന്ത്യ 21 റൺസിന് ജയിച്ചിരുന്നു.
Content Highlights:Australia Women beat india women in second t20 Match