ഉസ്മാന്‍ താരിഖിന് നാല് വിക്കറ്റ്; നമീബിയയെ എറിഞ്ഞിട്ട് പാകിസ്താന്‍ സൂപ്പര്‍ എട്ടില്‍

ഇതോടെ ടി20 ലോകകപ്പിൽ സൂപ്പർ എട്ടിലെത്തുന്ന അവസാന ടീമായി പാകിസ്താൻ മാറി

ഉസ്മാന്‍ താരിഖിന് നാല് വിക്കറ്റ്; നമീബിയയെ എറിഞ്ഞിട്ട് പാകിസ്താന്‍ സൂപ്പര്‍ എട്ടില്‍
dot image

ടി20 ലോകകപ്പിൽ നമീബിയയെ തോൽപ്പിച്ച് പാകിസ്താൻ സൂപ്പർ എട്ടിൽ. നിർണായക മത്സരത്തിൽ 102 റൺസ് വിജയമാണ് പാകിസ്താൻ സ്വന്തമാക്കിയത്. കൊളംബോ സിൻഹലേസ് സ്‌പോർട്‌സ് ക്ലബിൽ നടന്ന മത്സരത്തിൽ പാകിസ്താൻ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ നമീബിയ 97 റൺസിന് ഓൾഔട്ടാകുകയായിരുന്നു.

ഇതോടെ ടി20 ലോകകപ്പിൽ സൂപ്പർ എട്ടിലെത്തുന്ന അവസാന ടീമായി പാകിസ്താൻ മാറി. നേരത്തെ ഇന്ത്യയോട് തോറ്റ പാകിസ്താൻ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് സൂപ്പർ എട്ടിലേക്ക് കടന്നത്.

ജയം അനിവാര്യമായ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ സഹിബ്സാദ ഫർഹാന്റെ സെഞ്ച്വറിക്കരുത്തില്‍ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. 58 പന്തിൽ 11 ഫോറും നാല് സിക്‌സറും സഹിതമാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. ഷദാബ് ഖാൻ 36 റൺസുമായി മികച്ച പിന്തുണ നൽകി.

മറുപടി ബാറ്റിങിൽ സ്പിന്നർ ഉസ്മാൻ താരിഖിന്റെ സ്പിൻ ബൗളിങിൽ നമീബിയ തകർന്നടിയുകയായിരുന്നു. 3.3 ഓവറിൽ 16 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് പാക് സ്പിന്നർ വീഴ്ത്തിയത്. ഷദാബ് ഖാൻ മൂന്ന് വിക്കറ്റ് നേടി. 23 റൺസെടുത്ത നമീബിയ ഓപ്പണർ ലൗറെൻ സ്റ്റീൻകാംപിന് മാത്രമാണ് പിടിച്ചുനിൽക്കാനായത്.

Content Highlights: T20 World Cup 2026: Pakistan Enter Super Eight With 102-Run Win Over Namibia

dot image
To advertise here,contact us
dot image