ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ മികച്ച വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. അഹമ്മദാബാദില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് അടിച്ചെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ശിവം ദുബെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിത്തിളങ്ങി. 31 പന്തില്‍ 66 റണ്‍സെടുത്ത ദുബെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. മൂന്നാം പന്തിൽ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മ പൂജ്യനായി മടങ്ങി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് അഭിഷേക് ഡക്കായി പുറത്താകുന്നത്. പിന്നാലെ ഓപ്പണർ ഇഷാൻ കിഷനും മടങ്ങേണ്ടിവന്നു. ഫോമിലുള്ള ഇഷാന് മികച്ച തുടക്കം ലഭിച്ചെങ്കിലും 18 റണ്‍സില്‍ താരവും പവലിയനിലെത്തി. 27 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത തിലക് വര്‍മയും പിന്നാലെ പുറത്തായി. ഇതോടെ ഒൻപത് ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 69 റൺസെന്ന നിലയിലായി ഇന്ത്യ.
പിന്നീട് 28 പന്തില്‍ 34 റൺസെടുത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മികച്ച ഇന്നിങ്സാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. സൂര്യ പുറത്തായതിന് ശേഷം ആക്രമണം ഏറ്റെടുത്ത ദുബെ ഇന്ത്യന്‍ ഇന്നിങ്സിന്റെ വേഗം കൂട്ടി 31 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത് താരം മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു. അവസാന ഓവറുകളില്‍ ദുബെയ്ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യ 21 പന്തില്‍ നിന്ന് 31 റണ്‍സ് നേടി തകര്‍ത്തടിച്ചു. റിങ്കു സിങ് മൂന്ന് പന്തിൽ ആറ് റൺസുമായി പുറത്താകാതെ നിന്നു.
Content Highlights: T20 World Cup 2026, IND vs NED: Shivam Dube fifty Powers India To 193 In Ahmedabad