രഞ്ജിട്രോഫി സെമിഫൈനലിൽ മിന്നും പ്രകടനവുമായി മുഹമ്മദ് ഷമി. ജമ്മു കാശ്മീരിനെതിരെ ബംഗാളിനായി കളിക്കുന്ന താരം ആദ്യ ഇന്നിങ്സിൽ 22.1 ഓവർ എറിഞ്ഞ് 90 റൺസ് മാത്രം വിട്ടുകൊടുത്ത് എട്ട് വിക്കറ്റുകൾ നേടി. മൂന്ന് മെയ്ഡൻ ഓവറുകളും താരവും എറിഞ്ഞു.
താരത്തിന്റെ മികവിൽ ജമ്മുകാശ്മീരിനെ 302 റൺസ് ടോട്ടലിൽ ഒതുക്കാനും ബംഗാളിനായി. ആദ്യ ഇന്നിങ്സിൽ 328 റൺസ് നേടിയിരുന്ന ബംഗാളിന് ഇതോടെ 26 റൺസിന്റെ നിർണായക ലീഡും ലഭിച്ചു.
രഞ്ജി ട്രോഫി ഈ സീസണിൽ ഇതുവരെ 36 വിക്കറ്റുകളാണ് ഷമി കൊയ്തത്. ടി 20 ഫോർമാറ്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 16 വിക്കറ്റും ഏകദിന ഫോർമാറ്റായ വിജയ് ഹസാരെ ട്രോഫിയിൽ 15 വിക്കറ്റും നേടി. മൂന്ന് ഫോർമാറ്റിലും കൂടി 67 വിക്കറ്റുകൾ.
അതേ സമയം ഈ മിന്നും ഫോം തുടരുമ്പോഴും ദേശീയ ടീമിൽ താരത്തിന് അവഗണന തുടരുകയാണ്. പരിക്കിന് ശേഷമെത്തി മിന്നും കംബാക്ക് നടത്തിയിട്ടും ടീമിൽ ഉൾപ്പെടുത്തിയില്ല എന്ന് മാത്രമല്ല, ഈയിടെ പുതുക്കിയ ബി സി സി ഐ യുടെ സെൻട്രൽ കോൺട്രാക്ടിൽ നിന്നും തഴയുകയും ചെയ്തിരുന്നു.
Content Highlights: Mohammed Shami's loud message to BCCI with 8-fer in Ranji Trophy