ടി20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിലും നിരാശപ്പെടുത്തി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. അസുഖം മാറി പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയ അഭിഷേക് പാകിസ്താനെതിരെ റൺസ് ഒന്നും നേടാതെയാണ് മടങ്ങിയത്. മത്സരത്തലേന്ന് അഭിഷേക് ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങണമെന്ന് പറഞ്ഞ പാക് ക്യാപ്റ്റൻ സല്മാന് ആഗ തന്നെ നാല് പന്തുകൾ മാത്രം നേരിട്ട താരത്തെ ആദ്യ ഓവറില്‍ വീഴ്ത്തുകയായിരുന്നു.
പാകിസ്താനെതിരായ നിർണായകപോരാട്ടത്തിൽ അക്കൗണ്ട് തുറക്കാതെ മടങ്ങിയ അഭിഷേക് നാണക്കേടിന്റെ റെക്കോര്‍ഡും സ്വന്തമാക്കി. ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെയും താരം റൺസ് ഒന്നും നേടാതെ മടങ്ങി. ഇതോടെ ടി20 ലോകകപ്പിൽ രണ്ട് തവണ പൂജ്യത്തിന് പുറത്താവുന്ന മൂന്നാമത്തെ ഇന്ത്യൻ ഓപ്പണറായി മാറിയിരിക്കുകയാണ് അഭിഷേക് ശർമ. ഗൗതം ഗംഭീർ, വിരാട് കോഹ്ലി എന്നിവർ മാത്രമാണ് ഇതിനു മുമ്പ് ഇത്തരത്തിൽ രണ്ട് തവണ പൂജ്യത്തിന് മടങ്ങിയത്.
നമീബിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ അഭിഷേക് കളിച്ചിരുന്നില്ല. വയറിലുണ്ടായ അണുബാധ മൂലമാണ് അഭിഷേക് ശർമയ്ക്ക് നമീബിയക്കെതിരെയുള്ള മത്സരം നഷ്ടമായത്. തുടർന്ന് താരത്തെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇപ്പോൾ മടങ്ങി വരവിലും നിരാശപ്പെടുത്തിയിരിക്കുകയാണ് താരം.
Content Highlights: T20 World Cup 2026, IND vs PAK: Abhishek Sharma joins unwanted list after duck