'സൽമാൻ ആഗയ്ക്ക് നിർബന്ധമാണെങ്കിൽ അഭിഷേക് കളിക്കും'; മറുപടിയുമായി സൂര്യകുമാർ യാദവ്

ടി20 ലോകകപ്പിലെ ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിന് മുന്നോടിയായി പാക് നായകൻ സൽമാൻ അലി ആഗയ്ക്ക് മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

ടി20 ലോകകപ്പിലെ ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിന് മുന്നോടിയായി പാക് നായകൻ സൽമാൻ അലി ആഗയ്ക്ക് മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അസുഖബാധിതനായ ഓപ്പണർ അഭിഷേക് ശർമ നാളെ ഇന്ത്യക്കായി കളിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് പറഞ്ഞ പാക് നായകന്‍ സല്‍മാന്‍ ആഗക്ക് രസകരമായ മറുപടിയാണ് സൂര്യകുമാർ നൽകിയത്.

നാളെ അഭിഷേക് കളിക്കണമെന്ന് സൽമാന് അത്ര നിർബന്ധമാണെങ്കിൽ, ഞങ്ങൾ അവനെ കളിപ്പിക്കും എന്നായിരുന്നു സൂര്യകുമാർ തമാശരൂപേണ മറുപടി നല്‍കിയത്. അഭിഷേക് മത്സരത്തിന് പൂർണ്ണ സജ്ജനാണെന്ന സൂചനയും സൂര്യകുമാര്‍ നല്‍കി. ടോസിട്ടശേഷം പാക് ടീം ക്യാപ്റ്റൻ സല്‍മാന്‍ ആഗയുമായി ഹസ്തദാനം ചെയ്യുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ സൂര്യകുമാർ യാദവ് ഒഴിഞ്ഞുമാറി. ടോസ് സമയത്തെ ഹസ്തദാനത്തെക്കുറിച്ച് നമുക്ക് അപ്പോൾ കാണാം, സൂര്യ കൂട്ടിച്ചേർത്തു.

വിവാദ ബൗളിംഗ് ആക്ഷനുള്ള പാക് സ്പിന്നർ ഉസ്മാൻ താരിഖിനെ നേരിടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും സൂര്യ മറുപടി നല്‍കി. ചിലപ്പോൾ പരീക്ഷയ്ക്ക് സിലബസിന് പുറത്തുള്ള ചോദ്യങ്ങളും വരാം, എന്ന് കരുതി അത് എഴുതാതിരിക്കാൻ പറ്റില്ലല്ലോ. താരിഖിന്‍റെ ബൗളിംഗ് രീതി വ്യത്യസ്തമാണ്, പക്ഷേ അയാൾക്ക് മുന്നിൽ കീഴടങ്ങാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല, സൂര്യകുമാർ പറഞ്ഞു.

ഇന്ന് രാത്രി ഏഴ് മണി മുതൽ കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ പോരില്‍ ചിരവൈരികള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ച ഒരു മത്സരം തന്നെ കാണികൾക്ക് പ്രതീക്ഷിക്കാം. മത്സരത്തിനിടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നുള്ള കാലാവസ്ഥാ പ്രവചനം മാത്രമാണ് രസംകൊല്ലിയായി നിൽക്കുന്നത്.

Content Highlights: If salman ali agha want Abhishek Sharma to play, he will play: Suryakumar Yadav

To advertise here,contact us