കളിച്ച് നടക്കാതെ പോയിരുന്ന് പഠിക്ക് ! പത്താം ക്ലാസ് പരീക്ഷക്കൊരുങ്ങി വൈഭവ് സൂര്യംവംശി

എട്ടാം ക്ലാസില്‍ പഠിച്ച് കൊണ്ടിരിക്കേയാണ് വൈഭവ് രാജസ്ഥാന്‍ റോയല്‍സിനായി ഐ.പി.എല്‍ അരങ്ങേറ്റം കുറിക്കുന്നത്

ഇന്ത്യ അണ്ടർ 19 ലോകകിരീടം ചൂടിയിട്ട് ദിവസങ്ങൾ പിന്നിടുന്നേയുള്ളൂ. കലാശപ്പോരിൽ വൈഭവ് സൂര്യവംശിയുടെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ കൂറ്റൻ സ്‌കോറുയർത്തിയത്. ഒടുവിൽ 100 റൺസിന്റെ കൂറ്റൻ ജയം കുറിച്ച് ആറാം വിശ്വകിരീടത്തിൽ മുത്തമിട്ടു. വൈഭവ് 80 പന്തിൽ 175 റൺസാണ് അടിച്ചെടുത്തത്. 218 സ്‌ട്രൈക്ക് റൈറ്റിൽ ബാറ്റ് വീശിയ താരം 15 സിക്‌സറും 15 ഫോറും പായിച്ചു.

14 വയസ് മാത്രം പ്രായമുള്ള വൈഭവ് ഇപ്പോൾ പത്താം ക്ലാസ് ബോർഡ് എക്‌സാമിന് ഒരുങ്ങുകയാണ്. ബിഹാർ സമസ്തിപൂറിലെ പോദാർ ഇന്റർനാഷണൽ സ്‌കൂളിലാണ് വൈഭവ് പരീക്ഷയെഴുതുന്നത്.

'വൈഭവ് സൂര്യവംശി ഞങ്ങളുടെ സ്‌കൂളിൽ പത്താം ക്ലാസ് പരീക്ഷയെഴുതും. ടീച്ചർമാരും കുട്ടികളും രക്ഷിതാക്കളുമൊക്കെ വലിയ ആകാംക്ഷയിലാണ്. പരീക്ഷക്കായുള്ള എല്ലാ ഒരുക്കങ്ങളും സ്‌കൂളിൽ പൂർത്തിയായിക്കഴിഞ്ഞു. ഇതൊരു അക്കാദമിക് പിച്ചാണ്. ക്രിക്കറ്റ് പിച്ചല്ല. വിദ്യാർത്ഥികൾക്ക് എല്ലാവർക്കും ഒരുക്കിയിട്ടുള്ള സംവിധാനങ്ങൾ വൈഭവിനും ലഭിക്കും'- സ്‌കൂൾ പ്രിൻസിപ്പൾ നീൽ കിഷോർ പറഞ്ഞു.

എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ് വൈഭവ് ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഇന്ത്യൻ അണ്ടർ 19 ടീമിലെ സ്ഥിരം സാന്നിധ്യമായി. ദേശീയ കുപ്പായത്തിൽ സെഞ്ച്വറികൾ നേടുന്നത് തുടർക്കഥയാക്കിയ വൈഭവ് ഡൊമസ്റ്റിക് ക്രിക്കറ്റിലും ബിഹാറിനായും അതാവർത്തിച്ചു. അനധിവിദൂര ഭാവിയിൽ തന്നെ ഇന്ത്യൻ സീനിയർ ടീമിലും വൈഭവിനെ കാണാനാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

To advertise here,contact us