റിങ്കു പുറത്തായേക്കും; സഞ്ജു തുടരും; പാകിസ്താനെതിരെ ഇന്ത്യയുടെ സാധ്യത ഇലവൻ

ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ നാളെ പാക്സിതാനെ നേരിടാനൊരുങ്ങുകയാണ്.

ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ നാളെ പാക്സിതാനെ നേരിടാനൊരുങ്ങുകയാണ്. മത്സരത്തിൽ അഭിഷേക് ശര്‍മ പ്ലേയിംഗ് ഇലവനിലുണ്ടാകുമോ സഞ്ജു സാംസണ്‍ ഓപ്പണറായി തുടരുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

നമീബിയക്കെതിരെ നടത്തിയ ബാറ്റിംഗ് വെടിക്കെട്ട് ഇഷാൻ കിഷന്‍റെ ടീമിലെ ഓപ്പണര്‍ സ്ഥാനം ഒന്നു കൂടി ഉറപ്പിച്ചിട്ടുണ്ട്. കൊളംബോയിലെ സ്ലോ പിച്ചില്‍ ഇഷാന്‍ കിഷന്റെ പ്രകടനം നിർണായകമാകും.

അസുഖബാധിതനായ അഭിഷേക് ശര്‍മ സുഖം പ്രാപിച്ചുവരികയാണെങ്കിലും വരാനിരിക്കുന്ന നിര്‍ണായക സൂപ്പര്‍ 8 പോരാട്ടങ്ങള്‍ കണക്കിലെടുത്ത് അഭിഷേകിന് വിശ്രമം അനുവദിക്കാനുള്ള സാധ്യതയുണ്ട്.

അതുകൊണ്ട് തന്നെ പാകിസ്‌താനെതിരെ സഞ്ജു സാംസണെ തന്നെ ഓപ്പണറായി കളിപ്പിക്കാനാണ് സാധ്യത. നമീബിയക്കെതിരായ മത്സരത്തിന്‍റെ ടോസ് സമയത്ത് അഭിഷേക് ഒന്നോ രണ്ടോ മത്സരം പുറത്തിരിക്കുമെന്നായിരുന്നു ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയത്.

പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തിയ തിലക് വര്‍മയില്‍ നിന്ന് ഇന്ത്യ മികച്ചൊരു ഇന്നിംഗ്സ് പ്രതീക്ഷിക്കുന്നു. ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെതിരെ ഇന്ത്യയെ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് തിലക് ആയിരുന്നു.

ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ അപരാജിത അര്‍ധസെഞ്ചുറി നേടി ടീമിന്‍റെ രക്ഷകനായ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് നമീബിയക്കെതിരെ നിരാശപ്പെടുത്തിയിരുന്നു.

പാകിസ്താനെതിരെ എക്കാലത്തും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയില്‍ നിന്ന് ബാറ്റുകൊണ്ടു ബോളുകൊണ്ടും മറ്റൊരു മികച്ച പ്രകടനം ഇന്ത്യ നാളെ പ്രതീക്ഷിക്കുന്നു.

പാക് സ്പിന്നര്‍മാരെ നേരിടാന്‍ ഇന്ത്യയുടെ പ്രധാന ആയുധം സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ശിവം ദുബെ ആയിരിക്കും. മധ്യനിരയില്‍ ദുബെയുടെ ഫിനിഷിംഗിലായിരിക്കും ഇന്ത്യ നാളെ പ്രതീക്ഷ വെക്കുക.

സമീപകാലത്തായിയ ബാറ്റിംഗില്‍ നിറം മങ്ങുന്ന അക്സര്‍ പട്ടേല്‍ വീണ്ടും ഫോമിലാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ രണ്ട് കളികളിലും അക്സറിന് ബാറ്റിംഗില്‍ ഫോമിലാവാനായിരുന്നില്ല.

റിങ്കു സിംഗിന് പകരം നാളെ ഇന്ത്യ വാഷിംഗ്ടണ്‍ സുന്ദറിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രേമദാസ സ്റ്റേഡിയത്തില്‍ സ്പിന്നര്‍മാര്‍ക്ക് ലഭിക്കുന്ന പിന്തുണയും പാക് ടീമിലെ ഇടം കൈയന്‍മാരുടെ സാന്നിധ്യവും സുന്ദറിന്‍റെ സാധ്യത കൂട്ടുന്നു.

നമീബീയയക്കെതിരെ രണ്ടോവറില്‍ മൂന്ന് വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയാകും നാളെ ഇന്ത്യയുടെ വജ്രായുധം. സ്പിന്‍ പിച്ചില്‍ വരുണിന്‍റെ നാലോവറുകള്‍ നിര്‍ണായകമാകും.

സ്പിന്നര്‍മാരെ തുണക്കുമെന്ന് കരുതുന്ന പിച്ചില്‍ അര്‍ഷ്ദീപിന് പകരം കുല്‍ദീപിനെ ഇറക്കണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും ഇന്ത്യ സാഹസത്തിന് തയാറാവുമോ എന്ന് കണ്ടറിയണം.

യോര്‍ക്കറുകള്‍ക്കൊപ്പം മികച്ച സ്ലോ ബോളുകളും എറിയുന്ന ജസ്പ്രീത് ബുമ്രയുടെ പ്രകടനം നാളെ നിര്‍ണായകമാകും. നമീബിയക്കെതിരെ പവര്‍ പ്ലേയില്‍ പന്തെറിയാതിരുന്ന ബുമ്ര പാകിസ്ഥാനെതിരെ പവര്‍ പ്ലേയില്‍ പന്തെറിയാനെത്തുമെന്നാണ് കരുതുന്നത്.

Content Highlights: T20 Worldcup; India VS Pakistan; probable 11

To advertise here,contact us