ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കൈ കൊടുക്കുമോ?; മറുപടി നൽകി പാക് ക്യാപ്റ്റൻ

നേരത്തെ ബംഗ്ലാദേശിന് പിന്തുണ അർപ്പിച്ച് പാകിസ്താൻ ഇന്ത്യയുമായി കളിക്കില്ല എന്ന് അറിയിച്ചിരുന്നുവെങ്കിലും അവസാനം ഐ സി സി നിലപാട് കടുപ്പിച്ചതോടെയാണ് കളിക്കാൻ തയ്യാറായത്

ഏറെ കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് അരങ്ങുണരാൻ പോകുന്നത്. നേരത്തെ ബംഗ്ലാദേശിന് പിന്തുണ അർപ്പിച്ച് പാകിസ്താൻ ഇന്ത്യയുമായി കളിക്കില്ല എന്ന് അറിയിച്ചിരുന്നുവെങ്കിലും അവസാനം ഐ സി സി നിലപാട് കടുപ്പിച്ചതോടെയാണ് കളിക്കാൻ തയ്യാറായത്. നാളെ കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണി മുതലാണ് മത്സരം നടക്കുന്നത്.

ഇപ്പോഴിതാ മത്സരത്തിനിടയിൽ ഇന്ത്യൻ താരങ്ങൾക്ക് ഹസ്തദാനം നൽകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് പാകിസ്താൻ ക്യാപ്റ്റൻ സല്‍മാന്‍ ആഗ. എന്‍റെ വ്യക്തിപരമായ അഭിപ്രായത്തിന് ഇവിടെ പ്രസക്തിയില്ല, പക്ഷേ കാലങ്ങളായി ക്രിക്കറ്റ് എങ്ങനെയാണോ കളിച്ചുപോരുന്നത് അങ്ങനെ തന്നെ തുടരണം. ഹസ്തദാനം നടത്തണോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യയാണെന്നായിരുന്നു സല്‍മാന്‍ ആഗയുടെ മറുപടി.

ലോകകപ്പുകളിൽ ഇന്ത്യക്കെതിരെ പാകിസ്താന് മോശം റെക്കോർഡാണുള്ളതെന്നത് വസ്തുതയാണെന്നും എന്നാൽ ചരിത്രം തിരുത്താൻ ഓരോ ദിവസവും പുതിയ അവസരമാണെന്നും സല്‍മാന്‍ ആഗ പറഞ്ഞു. അഭിഷേക് ശര്‍മയുടെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് അഭിഷേക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അഭിഷേക് നാളെ പാകിസ്താനെതിരെ കളിക്കണമെന്നാണ് ആഗ്രഹമെന്നും സല്‍മാന്‍ ആഗ വ്യക്തമാക്കി. ഏറ്റവും മികച്ച കളിക്കാര്‍ക്കെതിരെ കളിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആഗ പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ദുബായിൽ നടന്ന ഏഷ്യാ കപ്പിലാണ് ഹസ്തദാന വിവാദങ്ങളുടെ തുടക്കം. ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരോടും പൗരന്മാരോടുമുള്ള ആദരസൂചകമായി പാക് താരങ്ങൾക്ക് കൈ കൊടുക്കില്ലെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചിരുന്നു.

സൈന്യത്തിന്‍റെ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിയോടുള്ളു ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ഈ തീരുമാനം. ടോസ് സമയത്തും മത്സരശേഷവും ഇന്ത്യൻ താരങ്ങൾ പാക് താരങ്ങളുമായി ഹസ്തദാനം നടത്തിയില്ല.

Content Highlights:salman ali agha open on shaking hands with India

To advertise here,contact us