സഞ്ജുവിന്റെ ഫോം ഇന്ത്യക്ക് ആശങ്ക; പാകിസ്താനെതിരെ അഭിഷേക് വന്നില്ലെങ്കില്‍ പണി കിട്ടുമെന്ന് ഗവാസ്‌കര്‍

വയറ്റില്‍ അണുബാധയേറ്റ അഭിഷേക് ശര്‍മക്ക് പകരം സഞ്ജു സാംസണെ ഇന്ത്യ ഓപ്പണിങ് റോളിലെത്തിച്ചിരുന്നു

ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനെതിരെയുള്ള അടുത്ത മത്സരത്തിനായി തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ആശങ്ക പങ്കുവച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. നമീബിയക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വയറ്റില്‍ അണുബാധയേറ്റ അഭിഷേക് ശര്‍മക്ക് പകരം സഞ്ജു സാംസണെ ഇന്ത്യ ഓപ്പണിങ് റോളിലെത്തിച്ചിരുന്നു. എന്നാല്‍ എട്ട് പന്തില്‍ 22 റണ്‍സ് നേടി താരം മടങ്ങി.

മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാന്‍ സാധിക്കാതെ മോശം ഷോട്ട് കളിച്ചാണ് സഞ്ജു കളം വിട്ടത്. കഴിഞ്ഞ കുറച്ച് കാലമായി മോശം ഫോമിലുള്ള സഞ്ജു ടീമിന് പരിഭ്രമം സൃഷ്ടിക്കുമെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

'സഞ്ജു സാംസണ്‍ പുറത്തായ രീതി… മുന്‍പും ഇതേ രീതിയില്‍ സഞ്ജു പുറത്തായിട്ടുണ്ട്. ഞായറാഴ്ചത്തെ മത്സരത്തില്‍ അഭിഷേക് ശര്‍മ ഫിറ്റ് അല്ലെങ്കില്‍ സഞ്ജുവിന് കളിക്കേണ്ടി വരും. അവന്റെ ഫോം മാനേജ്‌മെന്റിന് അല്‍പം പരിഭ്രമം നല്‍കുന്ന ഒന്നാണ്. ന്യൂസിലാന്‍ഡിനെതിരെയും ഈ മത്സരത്തിലും നേടാതെ പോയ റണ്‍സെല്ലാം അവന്‍ ആ നിര്‍ണായക മത്സരത്തിനായി മാറ്റിവെച്ചിട്ടുണ്ടെന്ന് കരുതാം' ഗവാസ്‌കര്‍ പറഞ്ഞു.

എന്നാല്‍ ബാറ്റിങ് കഠിനമായ പിച്ചില്‍ മികച്ച തുടക്കമാണ് സഞ്ജുവും ഇഷാന്‍ കിഷനും നല്‍കിയതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

നമീബിയക്കെതിരെയുള്ള മത്സരത്തില്‍ എട്ട് പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറുമുള്‍പ്പടെയാണ് സഞ്ജു 22 റണ്‍സ് നേടിയത്. മികച്ച തുടക്കം ലഭിച്ചിട്ടും പകുതി മനസ്സോടെ കളിച്ച ഒരു ഷോട്ട് മൂലമാണ് അദ്ദേഹം പുറത്തായത്. മത്സരത്തില്‍ ഇന്ത്യ 209 റണ്‍സ് നേടുകയും നമീബിയയെ 116 റണ്‍സിന് ഓളൗട്ടാക്കുകയും ചെയ്തിരുന്നു. 93 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

Content Highlights- Sunil Gavaskar Says Indian team should be concerned about Sanju Samson's Form

To advertise here,contact us