സഞ്ജു സാംസണിന്റെ പിൻഗാമിയെ പ്രഖ്യാപിച്ച് രാജസ്ഥാൻ റോയൽസ്. പുതിയ സീസണിൽ റിയാൻ പരാഗ് ടീമിനെ നയിക്കുമെന്ന് ടീം മാനേജ്മെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സീനിയര്‍ താരം രവീന്ദ്ര ജഡേജയെയും യുവതാരം യശസ്വി ജയ്സ്വാളിനെയും തഴഞ്ഞാണ് മാനേജ്മെന്റ് നീക്കം.
സഞ്ജുവിന്റെ പകരക്കാരനായി ക്യാപ്റ്റന്‍ സ്ഥാനത്ത് സീനിയര്‍ താരം രവീന്ദ്ര ജഡേജയോ യശസ്വി ജയ്സ്വാളോ എത്തുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. നായകസ്ഥാനം വാഗ്ദാനം ചെയ്താണ് ജഡേജയെ ടീമിലെത്തിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജയ്സ്വാളാകാട്ടെ രാജസ്ഥാന് നായകനാവാനുള്ള ആഗ്രഹം മുമ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
.ഇതാദ്യമായല്ല പരാഗ് രാജസ്ഥാന്റെ നായകനാകുന്നത്. കഴിഞ്ഞ സീസണുകളില്‍ സഞ്ജു പരിക്കിന്റെ പിടിയിലായപ്പോള്‍ 8 മത്സരങ്ങളില്‍ പരാഗ് ടീമിനെ നയിച്ചിരുന്നു. അന്ന് ബാറ്റിംഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത പരാഗ്, കൊല്‍ക്കത്തയ്ക്കെതിരെ 95 റണ്‍സെടുത്ത് തിളങ്ങുകയും ചെയ്തു. എന്നാല്‍ പരാഗ് നയിച്ച 8 മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ രാജസ്ഥാന് ജയിക്കാനായുള്ളു.
നീണ്ട വർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് സഞ്ജു സാംസണ് കഴിഞ്ഞ സീസണില്‍ രാജസ്ഥാന് വിട്ടത്. പരസ്പര ധാരണപ്രകാരമുള്ള കൈമാറ്റത്തിലൂടെ 18 കോടി രൂപക്ക് സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയപ്പോള്‍ പകരം രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാനിലെത്തി.
Content Highlights: Riyan Parag named Rajasthan Royals new captain for IPL 2026