ടി20 ലോകകപ്പിൽ ഇന്ന് നമീബിയക്കെതിരെ ഇന്ത്യ ഇറങ്ങുമ്പോൾ മലയാളി താരം സഞ്ജു സാംസണിന് പ്ലേയിംഗ് ഇലവനിൽ അവസരം നൽകണമെന്ന് മുൻ താരം ദിനേശ് കാർത്തിക്. പനിയും വയറിലെ അണുബാധയും കാരണം ഓപ്പണർ അഭിഷേക് ശർമ്മ ഇന്ന് കളിക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റത്തിന് അവസരം നൽകണമെന്നാണ് കാർത്തിക്കിന്റെ അഭിപ്രായം.
സഞ്ജു ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്തിന് 100 ശതമാനം അർഹനാണെന്നും ദിനേഷ് കാർത്തിക് പറഞ്ഞു. സമീപകാലത്തെ പ്രകടനങ്ങൾ അത്ര മികച്ചതല്ലെങ്കിലും സഞ്ജുവിലെ താരത്തെ കുറച്ചുകാണാൻ കഴിയില്ലെന്ന് ദിനേശ് കാര്‍ത്തിക് പറഞ്ഞു. സഞ്ജു ഒരു സൂപ്പർസ്റ്റാറാണ്, അദ്ദേഹത്തിന് രാജ്യത്തെമ്പാടും വലിയൊരു ആരാധകവൃന്ദമുണ്ട്- കാർത്തിക് പറഞ്ഞു.
ടി 20 ലോകകപ്പിൽ ഒന്നാം വിക്കറ്റ് കീപ്പറായും ഓപ്പണറായും പരിഗണിച്ചിരുന്നത് സഞ്ജു സാംസണിനെ ആയിരുന്നുവെങ്കിലും ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ മോശം പ്രകടനം വിനയാകുകയായിരുന്നു. ഇതോടെ ആ സീരീസിൽ തിളങ്ങിയ ഇഷാൻ കിഷനെ ആ സ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു.
ഇന്ന് അഭിഷേകിന്റെ അഭാവത്തിൽ കിട്ടുന്ന അവസരം മുതലാക്കി ടീമിലേക്ക് തിരിച്ചുവരാനാകും സഞ്ജുവിന്റെ ശ്രമം. പനി ബാധിച്ച് യു എസ് എ ക്കെതിരായ മത്സരത്തിൽ വിശ്രമത്തിലായിരുന്ന ജസ്പ്രീത് ബുംറയും ഇന്ന് തിരിച്ചെത്തും.
Content Highlights: T20 World Cup 2026: Dinesh karthik support sanju sasmon; india vs namibia