2026 ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആവേശപ്പോരാട്ടത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പുതിയ വിവാദത്തിന് തിരികൊളുത്തി പാക് മുൻ സ്പിന്നർ സഖ്ലയിൻ മുഷ്താഖ്. ഇന്ത്യയ്ക്ക് വേണ്ടി പിച്ചിൽ കൃത്രിമത്വം കാണിക്കുന്നുവെന്നാണ് സഖ്ലയിന്റെ ആരോപണം. ലോകകപ്പിലെ പിച്ച് ഒരുക്കുന്നതിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ബിസിസിഐയുടെ സമ്മർദ്ദത്തിന് വഴങ്ങുന്നുവെന്നാണ് സഖ്ലയിൻ വാദിക്കുന്നത്.
പാകിസ്താനിലെ ഒരു പ്രമുഖ സ്പോർട്സ് ചാനലിലെ ചർച്ചയ്ക്കിടെയാണ് സഖ്ലയിൻ മുഷ്താഖ് ഈ വിവാദപരാമർശം നടത്തിയത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഏത് സമയത്തും പിച്ചിന്റെ സ്വഭാവം മാറ്റാൻ ഗ്രൗണ്ട്സ്മാൻമാർക്ക് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഇന്നത്തെ കാലത്ത് ഏതുരീതിയിലും പിച്ച് മാറ്റാൻ സാധിക്കും. ഐസിസി ആരുടെ സ്വാധീനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാമല്ലോ. ഇന്ത്യക്കെതിരായ മത്സരത്തിന് മുൻപ് കൊളംബോയിലെ പിച്ചിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്', സഖ്ലയിൻ ആരോപിച്ചു.
നിലവിലെ ടൂർണമെന്റ് നിയമപ്രകാരം പാകിസ്താൻ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് കളിക്കുന്നത്. ഫെബ്രുവരി 15 കൊളംബോയിലാണ് ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം.
Content Highlights: 'We know under whose influence ICC works', Saqlain Mushtaq Sparks Controversy Ahead of India-Pakistan Match T20 World Cup