

നമീബിയയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമയ്ക്ക് പകരം ആര് കളിക്കണമെന്ന കാര്യത്തിൽ പ്രതികരിച്ച് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്. താനായിരുന്നു ക്യാപ്റ്റനെങ്കില്‍ ഫോമില്‍ അല്ലാത്ത സഞ്ജു സാംസണെ കളിപ്പിക്കില്ലെന്നും പകരം വാഷിങ്ടണ്‍ സുന്ദറിനെ ഓപ്പണറായി ഇറക്കുമായിരുന്നെന്നും ശ്രീകാന്ത് യുട്യൂബ് വീഡിയോയിലൂടെ പറഞ്ഞു. നമീബിയയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി സ്വന്തം യൂട്യൂബ് ചാനലായ ചാനലായ ചീക്കി ചീക്കയില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനെ കുറിച്ച് വിശകലനം ചെയ്യവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പരിക്ക് മാറി സുന്ദർ ടീമിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തിലാണ് ശ്രീകാന്ത് ഈ നിർദേശം മുന്നോട്ടുവെച്ചത്. സഞ്ജുവിന് നല്കിയ അവസരങ്ങളൊന്നും താരം പ്രയോജനപ്പെടുത്തിയില്ലെന്നും ഇനിയും കാത്തിരുന്നിട്ട് കാര്യമില്ലെന്നും അഭിഷേകിന് പകരക്കാരനാകാന്‍ സഞ്ജുവിന് കഴിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
'സഞ്ജു സാംസൺ ഇപ്പോൾ ഫോംഔട്ടാണ്. അതുകൊണ്ട് ഞാൻ വാഷിംഗ്ടൺ സുന്ദറിനെ ടീമിലെടുത്ത് ഇന്നിംഗ്സ് ഓപ്പൺ ചെയ്യിക്കും. പാകിസ്താനെതിരായ മത്സരത്തിന് മുൻപ് സുന്ദറിന് മാച്ച് പ്രാക്ടീസ് ലഭിക്കേണ്ടതും അത്യാവശ്യമാണ്. പാകിസ്താനെതിരായ മത്സരത്തിൽ അഭിഷേക് തിരിച്ചെത്തിയാൽ സുന്ദറിനെ എട്ടാം നമ്പറിലേക്ക് മാറ്റുകയും റിങ്കു സിംഗിനെ ഒഴിവാക്കുകയും ചെയ്യും. ഇതൊരു വേറിട്ട ചിന്താഗതിയാണ്. സഞ്ജുവിന് വേണ്ടത്ര അവസരങ്ങൾ നൽകിയിട്ടും അത് മുതലാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല', ശ്രീകാന്ത് പറഞ്ഞു.
അതേസമയം നമീബിയക്കെതിരായ മത്സരത്തിൽ കളിച്ച് ഫോം വീണ്ടെടുക്കുന്നത് അഭിഷേകിനെ സംബന്ധിച്ച് പ്രധാനമാണെന്നും അദ്ദേഹം കളിക്കാത്തത് വലിയ നഷ്ടമാണെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. സഞ്ജുവിനാണ് അവസരം ലഭിക്കുന്നതെങ്കിൽ അത് അദ്ദേഹത്തിന് ലഭിക്കുന്ന അവസാന അവസരമായിരിക്കുമെന്നും അത് കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. 'സഞ്ജുവിന് ഈ അവസരം ലഭിച്ചാൽ അത് മുതലാക്കിയേ മതിയാകൂ, മറ്റൊരു വഴി അദ്ദേഹത്തിന് മുന്നിലില്ല', അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Content Highlights: IND vs NAM: No Sanju Samson, will bring Washington Sundar as opener; Kris Srikkanth makes statement