ലോകകപ്പ് ബഹിഷ്കരണ തീരുമാനം ബംഗ്ലദേശ് താരങ്ങളുടേതെന്ന് ഉപദേഷ്ടാവ്; വിവാദമായപ്പോൾ യു–ടേൺ

പ്രതികരണം വിവാദമായതോടെ യു–ടേൺ അടിച്ച് ആസിഫ് നസ്റുൽ വീണ്ടും രംഗത്തെത്തി

ഇന്ത്യയിൽ നടക്കുന്ന ടി 20 ലോകകപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനം എടുത്തത് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡും താരങ്ങളുമാണെന്ന കായിക ഉപദേഷ്ടാവ് ആസിഫ് നസ്‍റുലിന്റെ പ്രതികരണം വിവാദത്തിൽ. പ്രതികരണം വിവാദമായതോടെ യു–ടേൺ അടിച്ച് ആസിഫ് നസ്റുൽ വീണ്ടും രംഗത്തെത്തി. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ കളിക്കേണ്ടെന്നത് സർക്കാർ തലത്തിലുണ്ടായ തീരുമാനമാണെന്ന് ആസിഫ് നസ്‍റുൽ വിശദീകരിച്ചു.

നേരത്തേ താൻ ഉദ്ദേശിച്ച കാര്യം വ്യക്തമായി വിശദീകരിക്കാൻ സാധിക്കാത്തതിലെ പ്രശ്നമാണെന്നും ആസിഫ് നസ്‍റുൽ ന്യായീകരിച്ചു.

നേരത്തേ പറഞ്ഞ കാര്യങ്ങൾ തയാറെടുപ്പില്ലാതെ പറഞ്ഞതാണെന്നും, ലോകകപ്പ് കളിക്കാത്തതിൽ നിരാശയുണ്ടോ എന്ന ചോദ്യം വന്നപ്പോഴാണു ഇങ്ങനെയൊരു പ്രതികരണമുണ്ടായതെന്നും ആസിഫ് നസ്‍റുൽ വ്യക്തമാക്കി.

സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ലോകകപ്പ് മത്സരങ്ങളുടെ വേദി ഇന്ത്യയിൽനിന്നു മാറ്റണമെന്നായിരുന്നു ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം. ബംഗ്ലദേശ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സമ്മർദത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ ഈ ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ വോട്ടിനിട്ട് തള്ളി.

ബംഗ്ലദേശ് തീരുമാനത്തിൽ ഉറച്ചുനിന്നതോടെ, ലോകകപ്പിൽ ബംഗ്ലദേശിനു പകരക്കാരായി സ്കോട്ട്ലൻ‍ഡിനെ ഉൾപ്പെടുത്തുകയായിരുന്നു. ബംഗ്ലദേശിനു പിന്തുണ പ്രഖ്യാപിച്ച പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഐസിസിയുടെ സമ്മർദത്തെ തുടർന്ന് പിസിബി ഈ തീരുമാനത്തിൽനിന്നു പിന്നോട്ടുപോയി. ഫെബ്രുവരി 15 ന് നടക്കുന്ന ഇന്ത്യയുമായുള്ള മത്സരം കളിക്കാമെന്നും ഏറ്റു.

Content Highlights:Asif Nazrul reverses stance, says BCB and players boycotted India

To advertise here,contact us