

ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിന് മുന്നേ ഇന്ത്യൻ ക്യാംപിൽ ആശങ്ക. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമയെ അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയറിലെ അണുബാധയെ തുടർന്നാണ് അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഉദര അണുബാധയെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് അഭിഷേകിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ചില പരിശോധനകൾ നടക്കുന്നുണ്ട്. ഇന്ന് ഡിസ്ചാർജ് ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ നമീബിയക്കെതിരായ മത്സരത്തിൽ അദ്ദേഹം കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
ഈ സാഹചര്യത്തിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന നമീബിയക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ അഭിഷേക് കളിക്കുന്ന കാര്യം സംശയത്തിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇതോടെ അഭിഷേകിന് പകരം മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കിൽ ടി20 ലോകകപ്പിൽ സഞ്ജുവിന് ലോകകപ്പിന് അരങ്ങേറ്റം ഒരുങ്ങും. സഞ്ജു സാംസണാകും ഇഷാൻ കിഷനൊപ്പം ഓപ്പൺ ചെയ്യുക.
യുഎസ്എക്കെതിരെ അഭിഷേക് ശര്‍മയും ഇഷാന് കിഷനുമായിരുന്നു ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ മത്സരത്തില്‍ ഗോൾഡന്‍ ഡക്കായി മടങ്ങിയ അഭിഷേക് ശര്‍മ കടുത്ത പനിയും വയറുവേദനയും മൂലം പിന്നീട് ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. നമീബിയയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി ടീം ഇന്ന് പരിശീലനത്തിനിറങ്ങിയപ്പോൾ അഭിഷേക് ശർമ ഇല്ലായിരുന്നു. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-നമീബിയ മത്സരം.
Content Highlights: T20 World Cup 2026: Abhishek Sharma Hospitalised, Sanju Samson Might Replace For Clash Against Namibia