ഗോൾഡൻ ഡക്കായിട്ടും അഭിഷേക് ഒന്നാമത്; ഇഷാന് മുന്നേറ്റം; സഞ്ജുവിന് വീണ്ടും തിരിച്ചടി

ടി20 ലോകകപ്പില്‍ അമേരിക്കക്കെതിരായ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കടിച്ചിട്ടും അഭിഷേക് ശര്‍മ ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി

ടി20 ലോകകപ്പിലെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെ പുതിയ ടി20 റാങ്കിംഗ് പുറത്തുവിട്ട് ഐസിസി. ടി20 ലോകകപ്പില്‍ അമേരിക്കക്കെതിരായ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കടിച്ചിട്ടും അഭിഷേക് ശര്‍മ ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 20 റേറ്റിംഗ് പോയന്‍റ് നഷ്ടമായിട്ടും അഭിഷേക് 908 റേറ്റിംഗ് പോയന്‍റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

അമേരിക്കക്കെതിരെ വലിയ സ്കോര്‍ നേടാനായില്ലെങ്കിലും പുതിയ റാങ്കിംഗിലും ഇഷാന്‍ കിഷന്‍ മുന്നേറ്റം നടത്തി . ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇഷാന്‍ കിഷന്‍ ബാറ്റിംഗ് റാങ്കിംഗില്‍ 25-ാം സ്ഥാനത്തെത്തി.

821 പോയിന്റുമായി ഇംഗ്ലണ്ടിന്‍റെ ഫിൽ സാൾട്ട് ആണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. റാങ്കിംഗില്‍ ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തോടെ പാകിസ്ഥാൻ ഓപ്പണര്‍ സാഹിബ്സാദ ഫർഹാൻ നാല് സ്ഥാനം മെച്ചപ്പെടുത്തി(769) മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് മറ്റൊരു പ്രധാന മാറ്റം. ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‌ലർ നാലാം സ്ഥാനത്താണ്.

അമേരിക്കക്കെതിരെ 25 റണ്‍സെടുത്ത് പുറത്തായ ഇന്ത്യയുടെ തിലക് വര്‍മ ഒരു സ്ഥാനം നഷ്ടമായി അഞ്ചാം സ്ഥാനത്തേക്ക് വീണപ്പോള്‍ അമേരിക്കക്കെതിരെ 84 റണ്‍സടിച്ച് ടോപ് സ്കോററായിട്ടും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന് റാങ്കിംഗില്‍ നേട്ടമുണ്ടായില്ല. പുതിയ റാങ്കിംഗിലും ഏഴാം സ്ഥാനത്താണ് സൂര്യകുമാര്‍.

ഇഷാന്‍ കിഷന് മുന്നില്‍ ലോകകപ്പ് ടീമിലെ ഓപ്പണര്‍ സ്ഥാനം നഷ്ടമായ മലയാളി താരം സഞ്ജു സാംസണ് റാങ്കിംഗിലും തിരിച്ചടി നേരിട്ടു. പുതിയ റാങ്കിംഗില്‍ ഒരു സ്ഥാനം താഴേക്കിറങ്ങിയ സഞ്ജു ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പിന്നില്‍ 57-ാം സ്ഥാനത്താണ്.

അമേരിക്കക്കെതിരെ ഒരു വിക്കറ്റ് മാത്രമെ വീഴ്ത്താനായുള്ളുവെങ്കിലും 773 റേറ്റിംഗ് പോയന്‍റുമായി ബൗളർമാരുടെ റാങ്കിംഗില്‍ വരുൺ ചക്രവർത്തി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഓൾറൗണ്ടർമാരുടെ പട്ടികയിൽ സിംബാബ്‌വെ നായകൻ സിക്കന്ദർ റാസയാണ് ഒന്നാം സ്ഥാനത്ത്. അമേരിക്കക്കെതിരെ രണ്ട് വിക്കറ്റുമായി തിളങ്ങിയ ഇന്ത്യയയുടെ അര്‍ഷ്ദീപ് സിംഗ് രണ്ട് സ്ഥാനം ഉയര്‍ന്ന് 11-ാം സ്ഥാനത്തെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം.

Content Highlights:T20 ranking after ICC Worldcup first round

To advertise here,contact us