ഇന്ത്യന്‍ താരങ്ങളുടേത് റബ്ബര്‍ പാളിയുള്ള ബാറ്റെന്ന ആരോപണം; വിവാദത്തില്‍ യുടേണ്‍ അടിച്ച് ലങ്കന്‍ താരം

വിചിത്രവാദം വിവാദമായതിന് പിന്നാലെയാണ് താരം പോസ്റ്റുമായി രം​ഗത്തെത്തിയത്

ഇന്ത്യൻ താരങ്ങൾക്കെതിരെ വിചിത്രപരാമർശം നടത്തിയതിന് പിന്നാലെ യുടേണടിച്ച് ശ്രീലങ്കന്‍ താരം ഭാനുക രാജപക്‌സ. ഇന്ത്യൻ‌ താരങ്ങൾ‌ റബ്ബർ പാളികൊണ്ട് പൊതിഞ്ഞ ബാറ്റുകൾ ഉപയോഗിക്കുന്നുവെന്നായിരുന്നു രാജപക്‌സയുടെ ആരോപണം. ഈ വിചിത്രവാദം വിവാദമായതിന് പിന്നാലെയാണ് താരം പോസ്റ്റുമായി രം​ഗത്തെത്തിയത്. തന്റെ പ്രസ്താവനയെ ഇന്ത്യന്‍ ടീമിന്‍റെ ബാറ്റില്‍ കൃത്രിമം നടക്കുന്നുവെന്ന തരത്തില്‍ വ്യാഖ്യാനിച്ചതോടെ താന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചതാണെന്നാണ് രാജപക്‌സ പോസ്റ്റിൽ പറഞ്ഞത് ഇന്ത്യൻ താരങ്ങൾ ഉപയോഗിക്കുന്ന ബാറ്റുകൾ മറ്റുള്ളവരുപയോഗിക്കുന്ന ബാറ്റുകളെക്കാൾ മികച്ചതെന്നാണ് താൻ പറഞ്ഞതെന്നും രാജപക്‌സ വ്യക്തമാക്കി.

'ഇന്ത്യന്‍ താരങ്ങളുടെ ബാറ്റുകള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വളരെ മികച്ചതാണ്. ആ ബാറ്റുകളില്‍ ഒരു റബ്ബര്‍ പാളി ഘടിപ്പിച്ചിരിക്കുന്നത് പോലെയാണ് തോന്നുന്നത്. അത് എങ്ങനെ സാധ്യമാകുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ ബാറ്റുകള്‍ മറ്റാര്‍ക്കും വാങ്ങാന്‍ പോലും കിട്ടില്ല, എല്ലാ കളിക്കാര്‍ക്കും ഇക്കാര്യം അറിയാം', എന്നായിരുന്നു രാജപക്‌സയുടെ പ്രസ്താവന. ടി20 ലോകകപ്പിൽ അയർലൻഡിനെതിരെ കൊളംബോയിൽ നടന്ന മത്സരത്തിൽ വിജയിച്ചതിന് ശേഷം സംസാരിക്കവേയായിരുന്നു രാജപക്‌സയുടെ വിവാദപരാമർശം.

ഇത് വിവാദമായതോടെ ഇന്ത്യയിലെ ക്രിക്കറ്റിന്‍റെ നിലവാരത്തെയും ഉപകരണങ്ങളുടെ സ്റ്റാന്‍ഡേര്‍ഡിനെയും കുറിച്ചാണ് പറഞ്ഞതെന്ന് ഭാനുക സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. 'തന്റെ ഉദ്ദേശ്യം ഇന്ത്യൻ താരങ്ങളെ പ്രശംസിക്കുകയെന്നത് മാത്രമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് അതിന്റെ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മുതൽ ഉപകരണ നിലവാരം വരെ അവിശ്വസനീയമാംവിധം പുരോഗമിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബാറ്റ് നിർമ്മാതാക്കൾ ലോകത്തിലെ ഏറ്റവും മികച്ചവരാണ്. എനിക്ക് കുറച്ചുകൂടി വ്യക്തമായി പറയാമായിരുന്നു. എപ്പോഴും ബഹുമാനം മാത്രമേയുള്ളൂ', രാജപക്സ പോസ്റ്റിൽ കുറിച്ചു.

Just a quick clarification! pic.twitter.com/rZbrCyk5iQ

Content Highlights: Bhanuka Rajapaksa clarifies remarks over Team India ‘Superior Bats’ claim

To advertise here,contact us