ബുംറയുടെ ഏറിൽ അടിതെറ്റി; ഇഷാൻ കിഷന് പരിക്ക്; ഇന്ത്യയ്ക്ക് ആശങ്ക

സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ യോർക്കർ നേരിടുന്നതിനിടെ പന്ത് കാലില്‍ കൊണ്ട് കിഷന്‍ അടിതെറ്റി വീണു.

ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക. വെടിക്കെട്ട് ബാറ്റർ ഇഷാൻ കിഷന് പരിക്കേറ്റതാണ് വെല്ലുവിളിയായത്. സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ യോർക്കർ നേരിടുന്നതിനിടെ പന്ത് കാലില്‍ കൊണ്ട് കിഷന്‍ അടിതെറ്റി വീണു.

നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തുകയായിരുന്ന ഇഷാൻ കിഷന്‍റെ ഇടതുകാലിലെ വിരലിലാണ് ബുമ്രയുടെ പന്ത് കൊണ്ടത്. പന്ത് കൊണ്ട ഉടനെ തന്നെ വേദന കൊണ്ട് പുളഞ്ഞ താരം നിലത്തിരുന്നു. ഉടൻ തന്നെ ഇന്ത്യൻ ടീം ഫിസിയോയും കോച്ചിംഗ് സ്റ്റാഫും ഓടിയെത്തി പ്രാഥമിക ചികിത്സ നൽകി. പരിക്കിന്‍റെ ഗൗരവം പരിശോധിച്ച ശേഷം താരം പിന്നീട് ബാറ്റിംഗ് തുടർന്നെങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ചത് ഇന്ത്യക്ക് ആശങ്കയാണ്.

മറ്റൊരു ഓപ്പണറായ അഭിഷേക് ശർമ്മ വയറിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായതിനാൽ ഇഷാൻ കിഷന് കൂടി പരിക്കുമൂലം കളിക്കാന്‍ കഴിയാതിരുന്നാല്‍ അത് ഇന്ത്യയെ കടുത്ത പ്രതിസന്ധിയിലാക്കും. അഭിഷേക് ശർമ്മ ഇന്ന് ആശുപത്രി വിട്ടെങ്കിലും നാളത്തെ മത്സരത്തിൽ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. ഇതിനിടയിലാണ് ഇഷാനും പരിക്കിന്‍റെ പിടിയിലാകുന്നത്.

നിര്‍ണായക മത്സരത്തിന് മുമ്പ് ഇഷാൻ കിഷനോ അഭിഷേകോ നാളെ കളിക്കുന്നില്ലെങ്കിൽ സഞ്ജു സാംസൺ ഓപ്പണറായി ടീമിലെത്താൻ സാധ്യതയേറി. ആദ്യ മത്സരത്തിൽ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.

Content Highlights:

To advertise here,contact us