ഫീല്‍ഡ് മാര്‍ഷല്‍ മുനീറുണ്ട് ഞങ്ങള്‍ക്ക്! ക്രിക്കറ്റ് തര്‍ക്കത്തില്‍ സൈന്യത്തെ വലിച്ചിഴച്ച് നഖ്‌വി

ഇതെല്ലാം ബംഗ്ലാദേശിന് വേണ്ടിയായിരുന്നു എന്നായിരുന്നു നഖ്‌വിയുടെ വിശദീകരണം.

ടി-20 ലോകപ്പിലെ ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ പാകിസ്താന്‍ കളിക്കുമെന്ന് അറിയിച്ചിരുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച്ചയാണ് പാകിസ്താന്‍ കളിക്കുന്ന കാര്യം ഉറപ്പിച്ചത്. ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്താന്‍ കളിക്കുമെന്ന് ഉറപ്പായതോടെ ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമായത്.

ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടത്തില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതോടെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെയും ശ്രീലങ്കയുടെയും അഭ്യര്‍ത്ഥന മാനിച്ച് ഇന്ത്യക്കെതിരെ കളിക്കാന്‍ തയാറാവുന്നതെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശദീകരിച്ചത്.

എന്നാല്‍ കളിക്കാനുള്ള അനുമധി നല്‍കുന്നതിന് മുമ്പ് വരെ പിസിബി ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വി വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യയുടെയോ ഐസിസിയുടെയോ ഭീഷണികള്‍ കണ്ട് ഞാനോ പാകിസ്താന്‍ സര്‍ക്കാരോ പേടിക്കില്ല. ഇനി ഫീല്‍ഡ് മാര്‍ഷല്‍ സയ്യിദ് അസിം മുനീറിന്റെ കാര്യം പറയുകയാണെങ്കില്‍, അദ്ദേഹത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമല്ലോ, അദ്ദേഹം ഒന്നിനെയും ഭയപ്പെടാറില്ല,' നഖ്‌വി പറഞ്ഞു.

ഇതിന് ശേഷം ഇന്ത്യക്കെതിരെ കളിക്കാമെന്ന് പാകിസ്താന്‍ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഇതെല്ലാം ബംഗ്ലാദേശിന് വേണ്ടിയായിരുന്നു എന്നായിരുന്നു നഖ്‌വിയുടെ വിശദീകരണം.

'ബംഗ്ലാദേശിന്റെ പ്രസ്താവന നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഞങ്ങള്‍ കളിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതുകൊണ്ടാണ് അവര്‍ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവെച്ചത്. ഞങ്ങള്‍ ബംഗ്ലാദേശിന് വേണ്ടിയാണ് നിലകൊണ്ടത്. ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ക്കൊന്നും ഇതില്‍ സ്ഥാനമില്ല,' നഖ്വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Content Highlights- Mohsin Naqvi's lame response before accepting match against India

To advertise here,contact us