ടി-20 ലോകകപ്പിലെ ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്കരിക്കുമെന്ന നിലപാടില്‍ നിന്നും പിന്മാറിയതിന് പിന്നാലെ വിശദീകരണവുമായ പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിന്‍ നഖ്വി. എല്ലാം ബംഗ്ലാദേശിന് വേണ്ടിയായിരുന്നു എന്നാണ് നഖ്വി പറഞ്ഞത്.
ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്താന് കളിക്കുമെന്ന് ഉറപ്പായതോടെ ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമായത്. ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടത്തില്‍ നിന്ന് പിന്മാറാന് കഴിയില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതോടെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെയും ശ്രീലങ്കയുടെയും അഭ്യര്‍ത്ഥന മാനിച്ച് ഇന്ത്യക്കെതിരെ കളിക്കാന്‍ തയാറാവുന്നതെന്ന് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് വിശദീകരിച്ചത്.
ഐസിസിയുമായുള്ള ചര്‍ച്ചകളില്‍ പാകിസ്താന് വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് നേടിയെടുത്തത് എന്ന ചോദ്യത്തിന് 'ഞങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല, എല്ലാം ബംഗ്ലാദേശിനുവേണ്ടിയായിരുന്നു' എന്നായിരുന്നു നഖ്വിയുടെ മറുപടി.
സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയ ഐസിസി നടപടിയില്‍ പ്രതിഷേധിച്ചാണ് പാകിസ്താന് ബഹിഷ്കരണ ഭീഷണി മുഴക്കിയിരുന്നത്. എന്നാല്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഇത് ബംഗ്ലാദേശിന്റെ അഭ്യര്‍ത്ഥന മൂലമാണെന്ന് നഖ്വി പറഞ്ഞു.
'ബംഗ്ലാദേശിന്റെ പ്രസ്താവന നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഞങ്ങള്‍ കളിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടതുകൊണ്ടാണ് അവര്‍ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവെച്ചത്. ഞങ്ങള്‍ ബംഗ്ലാദേശിന് വേണ്ടിയാണ് നിലകൊണ്ടത്. ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ക്കൊന്നും ഇതില്‍ സ്ഥാനമില്ല,' നഖ്വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Content Highlights- Mohsin Naqvi explain India-pakistan wc drama