ടി20 ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം നടക്കും; നിലപാട് മാറ്റി പാകിസ്താന്‍, ഐസിസിയുമായി ധാരണ

ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കരുതെന്ന് ബംഗ്ലാദേശ് പാകിസ്താന് കത്തയച്ചിരുന്നു

ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നടക്കുമോയെന്ന ആശങ്കകൾക്കും അനിശ്ചിതത്വത്തിനും വിരാമം. ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കരുതെന്ന് ബംഗ്ലാദേശ് പാകിസ്താന് കത്തയച്ചിരുന്നു. ബിസിബിയുടെ അഭ്യർത്ഥന മാനിച്ചു കളിക്കുമെന്ന് പാകിസ്താൻ അറിയിച്ചതായാണ് റിപ്പോർട്ട്. ഫെബ്രുവരി 15ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (PCB) ഐസിസിക്ക് ഉറപ്പുനൽകി.

ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഐസിസി പ്രതിനിധികളും പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) അധികൃതരും തമ്മിൽ ലാഹോറിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തത്വത്തില്‍ ധാരണയായതെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിനെ പിന്തുണച്ച് മത്സരം ബഹിഷ്കരിക്കുമെന്ന മുൻ നിലപാടിൽ നിന്നാണ് പാകിസ്ഥാൻ ഇപ്പോൾ പിന്നോട്ട് പോയിരിക്കുന്നത്.

ലോകകപ്പിൽ നിന്ന് പിന്മാറിയ ബം​ഗ്ലാദേശിനോടുള്ള പിന്തുണ അറിയിച്ചാണ് ഇന്ത്യയുമായുള്ള പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് പ്രഖ്യാപിച്ചത്. എന്നാൽ ഈ പിന്മാറ്റം ടൂർണമെന്‍റിന്‍റെ വരുമാനത്തെയും ലോകക്രിക്കറ്റിനെ തന്നെയും ബാധിക്കുമെന്നതിനാൽ മത്സരം നടത്താൻ ഐസിസി കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. ചർച്ചകൾക്കൊടുവിൽ ചില നിർണായക ധാരണകളിൽ ഇരുവിഭാഗവും എത്തിയതായാണ് സൂചന.

നിലവില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഐസിസിക്ക് മുന്‍പില്‍ പാകിസ്താന്‍ ക്രിക്കറ്റ് ഉപാധികള്‍ വെച്ചിരുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലോകകപ്പില്‍ നിന്ന് അവസാന നിമിഷം പുറത്താക്കിയതിനാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനുണ്ടായ നഷ്ടം പരിഹാരിക്കണമെന്ന പാകിസ്താന്‍റെ ആവശ്യം ഐസിസി അംഗീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശിൽ അടുത്ത ഐസിസി ടൂര്‍ണമെന്‍റ് നടത്തണമെന്ന പാകിസ്താന്‍റെ ആവശ്യവും ഐസിസി അംഗീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് അടുത്ത അണ്ടർ-19 ലോകകപ്പിന്‍റെ ആതിഥേയത്വം ബംഗ്ലാദേശിന് നൽകാനും ഭാവിയിൽ ഒരു വനിതാ ലോകകപ്പ് ബംഗ്ലാദേശിൽ നടത്താനും ധാരണയായി. ഐസിസിയുടെ വരുമാന വിഹിതത്തിൽ പാകിസ്താന്‍റെ വിഹിതം വർധിപ്പിക്കുന്ന കാര്യം ഐസിസി സാമ്പത്തികകാര്യ സമിതി പരിഗണിക്കുമെന്നും പാകിസ്ഥാന് ഉറപ്പു നല്‍കിയിട്ടുണ്ട്.

Content Highlights: T20 World Cup: India vs Pak match controversy, Pakistan to play vs India

To advertise here,contact us