ടി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ 29 റൺസിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും വിറപ്പിച്ചായിരുന്നു യു എസ് എ യുടെ മടക്കം. പേരുക്കേട്ട ഇന്ത്യയുടെ ബാറ്റിങ് നിര യു എസ് എ യുടെ ബൗളിങ്ങിന് മുന്നിൽ പതറിയപ്പോൾ ക്യാപ്റ്റൻ സൂര്യകുളുർ യാദവിന്റെ ഒറ്റയാൾ പ്രകടനമാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചതും ശേഷം വിജയം സമ്മാനിച്ചതും.
മത്സരത്തിൽ ഇന്ത്യയെ ഞെട്ടിച്ചത് അമേരിക്കൻ പേസർ ഷാഡ്ലി വാൻ ഷാൽക്വിക്കിന്റെ ബൗളിംഗ് പ്രകടനമായിരുന്നു. ടൂർണമെന്റിലെ ഹോട്ട് ഫേവറിറ്റുകളായ ഇന്ത്യയെ പവർപ്ലേയിൽ തന്നെ 46/4 എന്ന നിലയിലേക്ക് തള്ളിയിട്ട ഷാൽക്വിക് ശരിക്കും ഞെട്ടിച്ചു.
രണ്ടാം ഓവറിൽ അഭിഷേക് ശർമ്മയെ (0) പുറത്താക്കി അലി ഖാൻ തുടങ്ങിയ തകർച്ച ഷാൽക്വിക് ഏറ്റെടുക്കുകയായിരുന്നു. മത്സരത്തിലെ ആറാം ഓവറിലായിരുന്നു വാൻ ഷാൽക്വിക്കിന്റെ മാന്ത്രിക പ്രകടനം. രണ്ടാം പന്തില്‍ ഇഷാൻ കിഷൻ (20) ഷാൽക്വിക്കിന്റെ സ്ലോ ബോളില്‍ വീണു. അപകടകാരിയായ തിലകിനെ ഷോർട്ട് ബോളിലൂടെ ഷാൽക്വിക് മടക്കി. ദുബെയെ നേരിട്ട ആദ്യ പന്തിൽ തന്നെ മറ്റൊരു സ്ലോ ബോളിലൂടെ പുറത്താക്കിയതോടെ ഇന്ത്യ പകച്ചു.
തന്റെ ആദ്യ മൂന്ന് ഓവറിൽ വെറും 13 റൺസ് മാത്രം വിട്ടുകൊടുത്ത ഷാൽക്വിക് ഇന്ത്യയെ വരിഞ്ഞു മുറുക്കുകയും ചെയ്തു.ആകെ മൊത്തവും നാലോവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് താരം നേടിയത്,
1988-ൽ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ ജനിച്ച വാൻ ഷാൽക്വിക് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം ജാക്വസ് കാലിസ് പഠിച്ച വൈന്‍ബെര്‍ഗ് അബോയ്സ് ഹൈസ്കൂളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ദക്ഷിണാഫ്രിക്കയുടെ അണ്ടർ-19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, പ്രായപരിധിയുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാൽ 2009-ലെ അണ്ടർ-19 ലോകകപ്പിൽ കളിക്കാൻ ഷാൽക്വിക്കിന് കഴിഞ്ഞില്ല.
97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 2,593 റൺസും 239 വിക്കറ്റുകളും ഷാൽക്വിക് നേടി. എന്നിട്ടും ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിൽ ഇടം ലഭിക്കാതിരുന്നതോടെ 2020-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കയില്‍ മൈനർ ലീഗിലൂടെ കളി തുടങ്ങിയ ഷാൽക്വിക് മേജർ ലീഗ് ക്രിക്കറ്റിൽ ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി. 2024 ഏപ്രിലിൽ അമേരിക്കയ്ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. ഐഎൽടി20യിൽ അബുദാബി നൈറ്റ് റൈഡേഴ്സിന് വേണ്ടിയും ഷാൽക്വിക് കളിക്കുന്നുണ്ട്.
Content Highlights: T20 World Cup: IND vs USA:Who Is Shadley van Schalkwyk? USA pacer stuns India with fou wickets