2026 വനിതാ പ്രീമിയര്‍ ലീഗില്‍ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ജേതാക്കളായിരിക്കുകയാണ്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് വീഴ്ത്തിയാണ് സ്മൃതി മന്ദാനയും സംഘവും കിരീടത്തില്‍ മുത്തമിട്ടത്.
ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍സിബി അവസാന ഓവറിൽ മറികടന്നു. ആര്‍സിബിക്ക് വേണ്ടി ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും ജോര്‍ജിയ വോളും വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിത്തിളങ്ങി.
സ്മൃതിക്കത് കിരീടം എന്നതിനപ്പുറം സമീപകാലത്ത് വ്യക്തി ജീവിതത്തിലേറ്റ അപ്രതീക്ഷിത തിരിച്ചടികൾക്കുള്ള റിഡംഷൻ കൂടിയായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ശേഷം ഏറെ കൊട്ടിയാഘോഷത്തോടെ ആരംഭിച്ച പലാഷ് മുച്ചലുമായുള്ള വിവാഹ ചടങ്ങുകൾ ഒരു സുപ്രഭാതത്തിൽ നിർത്തിവെച്ചതും വിവാഹം ഉപേക്ഷിച്ചതും പിന്നീടുണ്ടായ വിവാദങ്ങളും നമ്മൾ കണ്ടതാണ്.
'ക്രിക്കറ്റാണ് എനിക്കെല്ലാം…. അതിലൂടെ ഞാൻ ഇവിടെ തന്നെ കാണും എന്ന പ്രഖ്യാപനമാണ്' സ്മൃതി ബന്ധം ഉപേക്ഷിക്കുന്നുവെന്ന സ്ഥിരീകരണത്തിനൊപ്പം അന്ന് നൽകിയത്. ബാക്ക് ടു നോർമലിലേക്ക് സമയമേറേ എടുക്കുമെന്ന് കരുതിയിരുന്നിടത്ത് അതേ പുഞ്ചിരിയുമായി ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയിൽ തന്നെ പാഡിട്ടിറങ്ങി. ശേഷമെത്തിയ വനിതാ പ്രീമിയർ ലീഗിൽ മിന്നും പ്രകടനവുമായി തകർത്തുപെയ്തു.
ഒമ്പത് മത്സരങ്ങളിൽ നിന്ന് 53 ആവറേജിൽ 377 റൺസ് നേടിയ സ്മൃതി തന്നെയാണ് ഓറഞ്ച് ക്യാപ് നേടിയത്. ഫൈനലിലെ താരവും 41 പന്തിൽ മൂന്ന് സിക്സും 12 ഫോറുകളും അടക്കം 87 റൺസ് നേടിയ മന്ദാനയായിരുന്നു.
Content Highlights: smrithi mandhana redemption through wpl win after marriage cancel with palash muchal