2026 ടി20 ലോകകപ്പിൽ പാകിസ്താനെതിരെ നിശ്ചയിച്ചിട്ടുള്ള മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറില്ലെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ടൂർണമെന്റിൽ ഫെബ്രുവരി 15ന് കൊളംബോയിൽ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ-പാകിസ്താൻ ടി20 ലോകകപ്പ് പോരാട്ടം അനിശ്ചിതത്വത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ നിലപാട് വ്യക്തമാക്കിയത്. പാകിസ്താൻ മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഐസിസി നിശ്ചയിച്ചിട്ടുള്ള മത്സരത്തിനായി ഇന്ത്യൻ ടീം കൊളംബോയിലേക്ക് യാത്ര തിരിക്കുമെന്ന് ക്യാപ്റ്റൻ സൂര്യ വ്യക്തമാക്കി. ഇന്ത്യ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും ബിസിസിഐ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ സൂര്യകുമാര്‍ പറഞ്ഞു.
സുരക്ഷാപരമായ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ ബംഗ്ലാദേശ് വിസമ്മതിച്ചതും തുടർന്ന് ടൂർണമെന്റിൽ സ്കോട്ട്ലൻഡിനെ പകരക്കാരായി ഉൾപ്പെടുത്തിയതുമാണ് പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ത്യക്കെതിരായ മത്സരം ഒഴിവാക്കാൻ പാകിസ്താൻ സർക്കാർ തങ്ങളുടെ ക്രിക്കറ്റ് ടീമിന് നിർദ്ദേശം നൽകിയത്. എന്നാൽ കൊളംബോയിലേക്ക് തങ്ങളുടെ വിമാനം ബുക്ക് ചെയ്തു കഴിഞ്ഞെന്നും നിശ്ചയിച്ച പ്രകാരം കൊളംബോയിലേക്ക് പോകുമെന്നുമാണ് സൂര്യകുമാർ പ്രതികരിച്ചത്.
ഐസിസി നൽകിയിട്ടുള്ള മത്സരക്രമം പാലിക്കാൻ ഇന്ത്യൻ ടീം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഞങ്ങളുടെ മനോഭാവം വ്യക്തമാണ്. ഞങ്ങള്‍ കളിക്കാനില്ലെന്ന് പറഞ്ഞിട്ടില്ല. അവരാണ് കളിക്കുന്നില്ലെന്ന് പറഞ്ഞത്. ഞങ്ങൾ ഫ്ലൈറ്റ് ബുക്ക് ചെയ്തിട്ടുണ്ട്, ഞങ്ങൾ പോകുന്നു. ബാക്കിയുള്ള കാര്യങ്ങൾ അവിടെ ചെന്നിട്ട് നോക്കാം', സൂര്യകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ഈ വിഷയം കൈകാര്യം ചെയ്യുന്നത് ഐസിസിക്ക് എളുപ്പമുള്ള കാര്യമല്ലെന്നു സൂര്യകുമാർ സമ്മതിച്ചു. പാകിസ്താൻ്റെ തീരുമാനം തന്റെ നിയന്ത്രണത്തിലല്ലെന്നും ഒരു രാജ്യമോ സർക്കാരോ ഇത്തരമൊരു നിലപാടെടുക്കുമ്പോൾ ഐസിസിക്ക് പോലും പരിമിതികളുണ്ടെന്നു സൂര്യകുമാര്‍ ചൂണ്ടിക്കാട്ടി.
Content Highlights: 'our flight is booked and we are going', Suryakumar Yadav Breaks Silence On India-Pakistan T20 WC Row