ടി 20 റാങ്കിങ്ങ്; സഞ്ജുവിനെ പിന്നിലാക്കി ഇഷാന്റെ കുതിപ്പ്; ആദ്യ പത്തിൽ മൂന്ന് താരങ്ങൾ

ഐസിസി ടി20 റാങ്കിങ്ങിൽ വൻ കുതിച്ചുചാട്ടം നടത്തി ഇന്ത്യയുടെ വെടിക്കെട്ട് താരം ഇഷാൻ കിഷൻ.

ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഐസിസി ടി20 റാങ്കിങ്ങിൽ വൻ കുതിച്ചുചാട്ടം നടത്തി ഇന്ത്യയുടെ വെടിക്കെട്ട് താരം ഇഷാൻ കിഷൻ. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിൽ നടന്ന അവസാന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയ ഇഷാന്‍ കിഷന്‍ ടി20 ബാറ്റിംഗ് റാങ്കിംഗില്‍ 32 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 32-ാം സ്ഥാനത്തെത്തി.

ന്യൂസിലന്‍ഡിനെതിരെ നാലു കളികളില്‍ 53.75 ശരാശരിയിലും 231.18 സ്ട്രൈക്ക് റേറ്റിലും 215 റണ്‍സടിച്ച പ്രകടനമാണ് ടി20 ബാറ്റിംഗ് റാങ്കിംഗില്‍ കിഷന്‍റെ കുതിപ്പിന് കാരണമായത്.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ രണ്ട് അര്‍ധസെഞ്ചുറി നേടിയ ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മ അഞ്ച് മത്സരങ്ങളില്‍ 182 റണ്‍സെടുത്ത് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ തൊട്ടു മുന്‍ റാങ്കിംഗില്‍ 929 റേറ്റിംഗ് പോയന്‍റുണ്ടായിരുന്ന അഭിഷേകിന് പുതിയ റാങ്കിംഗില്‍ 917 റേറ്റിംഗ് പോയന്‍റായി കുറഞ്ഞു.

മൂന്നാം റാങ്കിലുണ്ടായിരുന്ന ഇന്ത്യയുടെ തിലക് വര്‍മക്ക് പരിക്കുമൂലം ന്യൂസിലന്‍ഡിനെതിരായ പരമ്പര പൂര്‍ണമായും നഷ്ടമായത് റാങ്കിംഗിലും പ്രതിഫലിച്ചു. ഒരു സ്ഥാനം താഴേക്കിറങ്ങിയ തിലക് നാലാം സ്ഥാനത്തായപ്പോള്‍ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍ തിലകിന്‍റെ മൂന്നാം സ്ഥാനം സ്വന്തമാക്കി.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ മാത്രം കളിച്ച ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബൗളിംഗ് റാങ്കിംഗില്‍ ആദ്യ 10ല്‍ മറ്റ് ഇന്ത്യൻ ബൗളര്‍മാരാരുമില്ല.

ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയില്‍ നിന്ന് 46 റണ്‍സ് മാത്രം നേടിയ മലയാളി താരം സഞ്ജു സാംസണ് റാങ്കിംഗിലും കനത്ത തിരിച്ചടി നേരിട്ടു. ബാറ്റിംഗ് റാങ്കിംഗില്‍ അഞ്ച് സ്ഥാനം താഴേക്കിറങ്ങിയ സഞ്ജു ഹാര്‍ദ്ദിക് പാണ്ഡ്യക്കും പിന്നില്‍ 56-ാം സ്ഥാനത്താണ്. ടി20 ടീമില്‍ നിന്ന് പുറത്തായ ശുഭ്മാന്‍ ഗില്‍ 9 സ്ഥാനം താഴേക്കിറങ്ങി 43-ാം സ്ഥാനത്തേക്ക് വീണു.

Content Highlights:

To advertise here,contact us