ഇന്ത്യൻ താരങ്ങളിൽ റെയ്ന മാത്രം; ടി 20 ലോകകപ്പിൽ സെഞ്ച്വറി നേടിയ താരങ്ങൾ ഇവർ

2007-ല്‍ ആരംഭിച്ച ഈ ടൂര്‍ണമെന്റില്‍ ഇതുവരെ 11 സെഞ്ച്വറികളാണ് പിറന്നിട്ടുള്ളത്

ടി 20 ലോകകപ്പ് 2026 ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിലെ കരീടം നിലനിർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മികച്ച ടീമുമായി ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങി താരങ്ങളുമെല്ലാം എത്തുന്നുണ്ട്. നിരവധി പ്രതിഭകളാണ് ഇത്തവണ പല ടീമുകളിമുള്ളത്. ഏതെല്ലാം താരങ്ങളാണ് സെഞ്ച്വറി എന്ന നേട്ടം സ്വന്തമാക്കുക എന്നതും ആകാംഷയുള്ള കാര്യമാണ്.

2007-ല്‍ ആരംഭിച്ച ഈ ടൂര്‍ണമെന്റില്‍ ഇതുവരെ 11 സെഞ്ച്വറികളാണ് പിറന്നിട്ടുള്ളത്. ക്രിസ് ഗെയ്ല്‍ രണ്ട് തവണ സെഞ്ചുറി പൂര്‍ത്തിയാക്കി.

ലോകകപ്പ് ചരിത്രത്തിലെ ആദ്യ സെഞ്ച്വറി കുറിച്ചത് തന്നെ ഗെയ്ലാണ്. ഉദ്ഘാടന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 57 പന്തില്‍ 117 റണ്‍സാണ് ഗെയ്ല്‍ അടിച്ചുകൂട്ടിയത്. 2007-ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ 2016-ല്‍ ഇംഗ്ലണ്ടിനെതിരെയും (100*) അദ്ദേഹം ഈ നേട്ടം ആവര്‍ത്തിച്ചു.

ടി20 ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് റെയ്‌ന. 2010-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 60 പന്തില്‍ 101 റണ്‍സാണ് അദ്ദേഹം നേടിയത്. നിലവില്‍ ഈ പട്ടികയിലെ ഏക ഇന്ത്യക്കാരനും റെയ്‌നയാണ്.

ശ്രീലങ്കയുടെ ബാറ്റിംഗ് ഇതിഹാസം മഹേല ജയവര്‍ധനെ 2010-ല്‍ സിംബാബ്വെക്കെതിരെ 100 റണ്‍സ് നേടി ഈ പട്ടികയില്‍ ഇടംപിടിച്ചു. ടി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ മക്കല്ലത്തിന്റെ പേരിലാണ്. 2012-ല്‍ ബംഗ്ലാദേശിനെതിരെ താരം അടിച്ചുകൂട്ടിയത് 123 റണ്‍സാണ്.

2014ല്‍ ശ്രീലങ്കയ്‌ക്കെതിരെ പുറത്താകാതെ 116 റണ്‍സ് നേടിയ ഹെയ്ല്‍സ്, ഇംഗ്ലണ്ടിനായി ലോകകപ്പ് സെഞ്ച്വറി നേടുന്ന ആദ്യ താരമായി. പാകിസ്താന്‍ നിരയില്‍ നിന്ന് ഈ നേട്ടം കൈവരിച്ച ഒരേയൊരു താരം ഷെഹ്‌സാദാണ്. 2014-ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി (111*).

2016 ലോകകപ്പില്‍ ഒമാനെതിരെ 103 റണ്‍സ് നേടിയ തമീം ഇഖ്ബാല്‍ ബംഗ്ലാദേശിനായി ഈ നാഴികക്കല്ല് പിന്നിട്ടു. 2021ല്‍ ശ്രീലങ്കയ്‌ക്കെതിരെ 101 റണ്‍സ് നേടിയ ബട്‌ലര്‍ ഈ പട്ടികയിൽ ഇടം നേടി.

2022ല്‍ ബംഗ്ലാദേശിനെതിരെ 109 റണ്‍സ് നേടിയ റിലി റൂസോ, ടി20 ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമായി മാറി. ഈ പട്ടികയിലെ അവസാനത്തെ താരം ന്യൂസിലാൻഡിന്റെ ഗ്ലെന്‍ ഫിലിപ്‌സാണ്. 2022-ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഫിലിപ്‌സിന്റെ (104) പ്രകടനം.

Content Highlights- Raina is the only Indian player to score a century in the T20 World Cup, others

To advertise here,contact us