സഞ്ജുവിന് അവസാന അവസരം? സന്നാഹ മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങും

മത്സരത്തില്‍ ഓപ്പണിങ് ബാറ്റര്‍ സഞ്ജു സാംസണ് അവസരം നല്‍കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്‌

ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. നാല് ദിവസത്തിന് ശേഷം ആരംഭിക്കുന്ന ടി-20 ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന തയ്യാറെടുപ്പാണ് ഈ മത്സരം. മത്സരത്തില്‍ ഓപ്പണിങ് ബാറ്റര്‍ സഞ്ജു സാംസണ് അവസരം നല്‍കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്‌

.

ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീം ഒന്നടക്കം മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ മോശം കളിയായിരുന്നു കാഴ്ചവെച്ചത്. മറുവശത്ത് ഇഷാന്‍ കിഷന്‍ മികച്ച പ്രകടനവും പുറത്തെുത്തു. എന്നാല്‍ കീപ്പിങ്ങില്‍ കിഷനെക്കാള്‍ ഭേദമായ സഞ്ജുവിന് ഒരു അവസരം കൂടി നല്‍കുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്. അല്ലെങ്കില്‍ പരിക്ക് ഭേദമായി തിരിച്ചെത്തിയ തിലക് വര്‍മയെ ഒഴിവാക്കി സഞ്ജുവിനെയും കിഷനെയും ഇറക്കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

കിവീസിനെതിരായ അഞ്ചുകളിയില്‍ സഞ്ജു നേടിയത് വെറും 46 റണ്‍സ് മാത്രമാണ്. നാല് കളിയില്‍ ബാറ്റ് ചെയ്ത ഇഷാന്‍ കിഷന്‍ കാര്യവട്ടത്തെ സെഞ്ച്വറിയും റായ്പൂരിലെ അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ 215 റണ്‍സും നേടി. .

ബൗളിങ് നിരയില്‍ അടക്കം ടീമില്‍ മറ്റ് പരീക്ഷണങ്ങള്‍ക്ക് സാധ്യതയില്ല. എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ നിര ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ശേഷിയുള്ള സംഘമാണ്. ഫെബ്രുവരി ഏഴിന് അമേരിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ലോകകപ്പിനുള്ള ഇന്ത്യയുടെ സ്‌ക്വാഡ്: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക്ക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, തിലക് വര്‍മ.

Content Highlights- India vs Southafrica practice match scheduled today

To advertise here,contact us