ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ. നവിമുംബൈയില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ മുട്ടുകുത്തിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി തിളങ്ങി.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് അടിച്ചെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ഇഷാന് കിഷന് വെടിക്കെട്ട് ഫിഫ്റ്റി നേടി. ഓപ്പണറായി ഇറങ്ങി 20 പന്തില്‍ ഏഴ് സിക്സും രണ്ട് ഫോറും സഹിതം 53 റണ്‍സെടുത്ത ഇഷാനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്രീസിലെത്തിയവരെല്ലാം അടിച്ചുതകര്‍ത്ത മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ ജോര്‍ജ് ലിന്‍ഡെയെ (0) മടക്കി ഇന്ത്യ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് പ്രഹരമേല്‍പ്പിച്ചു. 21 പന്തില്‍ പുറത്താകാതെ 45 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. റയാന് റിക്കിള്ട്ടണ് (44), ഐഡന്‍ മാര്‍ക്രം (38), ജേസണ്‍ സ്മിത്ത് (35), മാര്‍കോ യാന്സണ് (31) എന്നിവര്‍ ഭേദപ്പെട്ട സംഭാവന നല്‍കിയെങ്കിലും വിജയത്തിലെത്താനായില്ല.
Content Highlights: IND vs SA, T20 World Cup Warm-up Match: India beats South Africa by 30 runs