2026 ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് എതിരായ മത്സരം പാകിസ്താൻ ബഹിഷ്കരിച്ചതിൽ ടീമിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് വിലക്കാൻ കഴിയില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്, ഐസിസി മുൻ ചെയർമാൻ ഇഹ്സാൻ മാനി. 'തീരുമാനം പാക് സർക്കാരിന്റേതാണ്, പിസിബിക്ക് അതിൽ പങ്കില്ല. അതിനാൽ പാകിസ്താനെതിരായ വിലക്ക് പ്രായോഗികമല്ല' മാനി പറഞ്ഞു.
അതേസമയം, 2025 ചാമ്പ്യൻസ് ട്രോഫിയിലെ മത്സരങ്ങൾക്കായി പാകിസ്താനിലേക്ക് ഇല്ലെന്ന് ഇന്ത്യ അറിയിച്ചപ്പോൾ ആരും വിലക്കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാമ്പ്യൻസ് ട്രോഫിയിലെ മത്സരങ്ങൾ പാകിസ്താനിൽ കളിക്കില്ലെന്ന് അന്ന് ഇന്ത്യ പറഞ്ഞത് സർക്കാർ നിർദ്ദേശപ്രകാരമാണ്. അതുകൊണ്ടുതന്നെ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചാൽ പാകിസ്താനെതിരെയും യാതൊരു ഉപരോധവും ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇരട്ടത്താപ്പ് നടക്കില്ലെന്നും പ്രശ്നം പരിഹരിക്കുന്നതിന് പകരം ഐസിസി പക്ഷം പിടിച്ച് നിൽക്കുകയെന്നും അദ്ദേഹം ആരോപണവുമുയർത്തി.
ലോകകപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞ ഞായറാഴ്ച്ചയാണ് പാക് ടീമിന് സർക്കാർ അനുമതി നൽകിയത്. എന്നാൽ, ഇന്ത്യയ്ക്കെതിരെയുള്ള മത്സരം പാക് ബഹിഷ്കരിക്കുമെന്നും പിന്നാലെ പ്രഖ്യാപിച്ചു. എന്നാൽ ഈ കാര്യങ്ങൾ ഇതുവരെയും പിസിബി ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇതിനിടയിൽ ക്രിക്കറ്റിൽ സർക്കാരുകൾക്ക് ഇടപെടാനുള്ള അവസരം ഐസിസി നൽകിയെന്നും മാനി കുറ്റപ്പെടുത്തി.
ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് പുറത്തതായതോടെ സ്കോട്ലാൻഡിനെ പകരക്കാരായി പ്രഖ്യാപിച്ചിരുന്നു. അന്ന് മുതൽ പാകിസ്താനും ലോകകപ്പ് മത്സരങ്ങൾ ബഹിഷ്കരിക്കുമെന്ന ഭീഷണി മുഴക്കി. മത്സരങ്ങൾക്കായുള്ള ടീമിനെ പ്രഖ്യാപിച്ചെങ്കിലും കളിക്കുന്ന കാര്യത്തിൽ സർക്കാരാകും അന്തിമ തീരുമാനം അറിയിക്കുക എന്നായിരുന്നു പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി മുൻപ് അറിയിച്ചിരുന്നത്.
ഇന്ത്യ, നമീബിയ, നെതർലാൻഡ്സ്, യുഎസ്എ എന്നി രാജ്യങ്ങളടങ്ങിയ ഗ്രൂപ്പ് എ യിലാണ് പാകിസ്താൻ ഉൾപ്പെട്ടിട്ടുള്ളത്. സൽമാൻ അലി ആഘ നേതൃത്വം നൽകുന്ന പാക് ടീം ഇന്നലെ വൈകിട്ടോടെ കൊളംബോയിൽ എത്തിയിരുന്നു. ഫെബ്രുവരി ഏഴിന് പാകിസ്താനും നെതർലാൻഡ്സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക. വ്യാഴാഴ്ച്ച അയർലാൻഡിനെതിരെ പാകിസ്താൻ ഒരു സന്നാഹ മത്സരവും കളിക്കും.
Content highlight: 'International Cricket Council cannot ban Pakistan for boycotting World Cup match against India'; Ehsan Mani