'വെറുപ്പുളവാക്കുന്നു'; ചഹലിനൊപ്പമുള്ള വ്യാജ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഷെഫാലി ബഗ്ഗ

ചിത്രത്തിൽ രണ്ടോ മൂന്നോ പേരെ കാണാനില്ലെന്നും അഡ്മിൻ, അടുത്ത തവണ നന്നായി ഗവേഷണം നടത്തണമെന്നുമായിരുന്നു ചെഹലിന്റെ ഉപദേശം.

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലുമായി ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾക്കിടെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട എഐ ചിത്രത്തിനെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ച് സ്‌പോർട്‌സ് അവതാരകയും നടിയുമായ ഷെഫാലി ബഗ്ഗ. മുംബൈയിലെ ഒരു റസ്റ്ററന്‍റിൽ ചെഹലും ഷെഫാലിയും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണെന്ന് ഗോസിപ്പ് പരന്നത്.

നർത്തകിയായ ധനശ്രീ വർമയുമായുള്ള വിവാഹമോചനത്തിനു ശേഷം ആർജെ മഹ്‌വാഷുമായി ചെഹൽ ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞമാസം ചെഹലും മഹ്‌വാഷും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു. ഇതിനു തൊട്ടുപിന്നാലെയാണ് ഷെഫാലിയുമൊത്ത് ചഹൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇതുസംബന്ധിച്ച് ഇരുവരും ഒന്നും പ്രതികരിച്ചില്ലെങ്കിലും പല കഥകളും പ്രചരിച്ചു.

എന്നാൽ ചഹൽ, താരത്തിന്റെ മുൻ ഭാര്യ ധനശ്രീ വർമ ആർജെ മഹ്‌വാഷ്, ഷെഫാലി എന്നിവരെ ഉൾപ്പെടുത്തി ഒരു എഐ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോയത്. ‘കിസ് കിസ്‌കോ പ്യാർ കരൂൺ’ (ഞാൻ ആരെ പ്രണയിക്കും) എന്ന സിനിമയുടെ പോസ്റ്റർ അനുകരിച്ചായിരുന്നു ചിത്രം. ഇതിനെതിരെ രൂക്ഷവിമർശനവുമായി ഷെഫാലി രംഗത്തെത്തി.

തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റർ പങ്കുവച്ച ഷെഫാലി ‘ഇത് വെറുപ്പുളവാക്കുന്നതാണ് ട്രോളുകൾ പെൺകുട്ടികളോട് പെരുമാറുന്ന രീതി വളരെ ലജ്ജാകരമാണ്. നമ്മുടെ മാനസികാവസ്ഥ വ്യക്തമാക്കുന്ന ഉദാഹരണമെന്നും കൂട്ടിച്ചേർത്തു.

’ഗ്രാഫിക് ഡിസൈനർ വിജയ് കുമാർ ബാരിയ നിർമിച്ച ഈ എഐ ചിത്രം, വിവാദമായതിനു പിന്നാലെ ഡിലീറ്റ് ചെയ്തിരുന്നു. ഇതിൽ ചഹലും പ്രതികരിച്ചിരുന്നു. ചിത്രത്തിൽ രണ്ടോ മൂന്നോ പേരെ കാണാനില്ലെന്നും അഡ്മിൻ, അടുത്ത തവണ നന്നായി ഗവേഷണം നടത്തണമെന്നുമായിരുന്നു ചെഹലിന്റെ ഉപദേശം.

Content Highlights

To advertise here,contact us