ടി 20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് അത്ര പ്രാധാന്യം നൽകേണ്ടതില്ലെന്ന് മുന്‍ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഇരു ടീമുകളും തമ്മിലുള്ള നിലവാരത്തിൽ വലിയ അന്തരമുണ്ടെന്നും പാകിസ്താനെ പരാജയപ്പെടുത്തുന്നത് ഇപ്പോൾ ഒരു 'കുഞ്ഞൻ ടീമിനെ' തോൽപ്പിക്കുന്നത് പോലെ അനായാസമാണെന്നും മഞ്ജരേക്കര്‍ പരിഹസിച്ചു.
നിങ്ങൾക്ക് മുന്നിൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും ഉണ്ട്. അതാണ് കണ്ടിരിക്കേണ്ട മത്സരങ്ങൾ. നമുക്ക് അഭിമാനം തോന്നണമെങ്കിൽ ഇന്ത്യ തോൽപ്പിക്കേണ്ടത് ആ ടീമുകളെയാണ്. ഒരുപക്ഷേ 90-കളിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തുമ്പോൾ നിങ്ങൾക്ക് വലിയ സന്തോഷം തോന്നിയിട്ടുണ്ടാകാം. എന്നാൽ ഇപ്പോൾ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിക്കുന്നത് ഒരു കൊച്ചു ടീമിനെ തോൽപ്പിക്കുന്നത് പോലെയാണ്. അത്രത്തോളം പാകിസ്താൻ തകർന്നു കഴിഞ്ഞു. അത് ഏഷ്യ കപ്പിലും ഞാൻ കണ്ടതാണ്. ഇന്ത്യ-പാക് മത്സരങ്ങളെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും മൈതാനത്ത് പലപ്പോഴും ആ ആവേശം ഉണ്ടാകാറില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ വെറും മൂന്ന് തവണ മാത്രമാണ് പാകിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാനായത്. പാകിസ്താൻ ക്രിക്കറ്റിലെ യുവതാരങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യയുടെ യുവനിരയെന്നും മഞ്ജരേക്കർ ചൂണ്ടിക്കാട്ടി. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യ-പാകിസ്താൻ മത്സരം ഇപ്പോൾ ഒരു വലിയ സംഭവമല്ല. പാകിസ്താൻ പിന്മാറിയാൽ അത് ലോകകപ്പിന്റെ മൂല്യം കുറയ്ക്കില്ല. പകരം കരുത്തരായ മറ്റ് ടീമുകൾക്കെതിരായ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നമ്മള് ചെയ്യേണ്ടത്-മഞ്ജരേക്കർ പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ മൂന്ന് തവണ മാത്രമാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചത്. 2017-ലെ ചാമ്പ്യൻസ് ട്രോഫി ഫൈനൽ, 2021-ലെ ടി20 ലോകകപ്പിലെ ഗ്രൂപ്പ്ഘട്ട മത്സരം. 2022-ലെ ഏഷ്യ കപ്പ് എന്നിവയാണവ. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഏഷ്യ കപ്പിൽ ഫൈനലിലടക്കം തുടര്‍ച്ചയായി മൂന്ന് തവണ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചിരുന്നു.
Content Highlights-Sanjay Manjrekar explains why IND vs PAK clash is 'not a big deal