ഐസിസിയെ വിശ്വസിക്കാന്‍ കഴിയില്ല! പുതിയ സംഘടന വേണം; ആഞ്ഞടിച്ച് പാകിസ്താന്‍ പ്രതിരോധ മന്ത്രി

എക്സിലൂടെ നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഐസിസിക്കെതിരെ ആഞ്ഞടിച്ചത്

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ രൂക്ഷവിമര്‍ശനവുമായി പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഐസിസി പൂര്‍ണ്ണമായും ഇന്ത്യയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വഴങ്ങിയെന്നും, ഐസിസിയെ വിശ്വസിക്കാന്‍ കഴിയില്ലെന്നും ഖ്വാജ ആസിഫ് ആരോപിച്ചു. എക്സിലൂടെ നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഐസിസിക്കെതിരെ ആഞ്ഞടിച്ചത്.

ഐസിസി ഇപ്പോള്‍ ഇന്ത്യയുടെ രാഷ്ട്രീയ താല്‍പര്യങ്ങളുടെ ബന്ദിയായി മാറിയിരിക്കുകയാണ്. ക്രിക്കറ്റ് എന്ന മാന്യന്‍മാരുടെ കളിയുടെ അന്തസ്സ് നിലനിര്‍ത്താന്‍ ഐസിസിക്ക് പകരം പുതിയൊരു ആഗോള സംഘടന അനിവാര്യമാണ്. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കി പകരം സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തിയ ഐസിസി നടപടി പക്ഷപാതപരമാണെന്നും ഖ്വാജ ആസിഫ് ആരോപിച്ചു.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കളിക്കാന്‍ ബംഗ്ലാദേശ് വിസമ്മതിച്ചിരുന്നു. മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളുകയും അവരെ ടൂര്‍ണമെന്റില്‍ നിന്ന് നീക്കം ചെയ്ത് പകരം സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തു.

ലോകകപ്പില്‍ നിന്ന് പുറത്തായ ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനോട് പിസിബി (പിസിബി) ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വലിയ അച്ചടക്ക മുന്നറിയിപ്പുകളാണ് ഐ സി സി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി ഏഴ് മുതല്‍ തുടങ്ങുന്ന ലോകകപ്പില്‍ ഒരേ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 15 നാണ് ഇരുവരും തമ്മിലുള്ള ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടം.

Content Highlights- Pakistan Defense minister Slams ICC

To advertise here,contact us