ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം പാകിസ്താൻ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിന്റെ പഴയ പ്രസ്താവന. 2019ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ 40 ഇന്ത്യൻ സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ 2019ലെ ഏകദിന ലോകകപ്പിന് മുമ്പ് ഗംഭീര്‍ നടത്തിയ പ്രസ്താവനയാണ് പാകിസ്ഥാന്റെ ബഹിഷ്കരണ ഭീഷണിക്കിടെ വീണ്ടും ചര്‍ച്ചയായയത്.
ലോകകപ്പുകളില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കരുതെന്ന ഉറച്ച നിലപാടായിരുന്നു അന്ന് ഗംഭീര്‍ സ്വീകരിച്ചത്. ലോകകപ്പില്‍ നിന്ന് കിട്ടുന്ന രണ്ട് പോയന്റുകളേക്കാൾ വലുതാണ് രാജ്യം. പുൽവാമയിൽ ജീവൻ ബലി നൽകിയ 40 സൈനികരുടെ ത്യാഗത്തിന് മുന്നിൽ ലോകകപ്പ് ഫൈനൽ പോലും വേണ്ടെന്ന് വെക്കാൻ ഇന്ത്യ തയ്യാറാകണമെന്നും ഗംഭീര്‍ അന്ന് ടെ പറഞ്ഞിരുന്നു.
ഇത്തരം സാഹചര്യത്തില്‍ ലോകകപ്പില്‍ പാകിസ്താനെ ബഹിഷ്കരിച്ചാലും അത് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് മനസിലാവും. പാകിസ്താനുമായി ഭാഗികമായ വിലക്കല്ല വേണ്ടത്, പൂർണ്ണമായി വിട്ടുനിൽക്കലാണ് ആവശ്യമെന്നായിരുന്നു ചര്‍ച്ചയില്‍ ഗംഭീർ പറഞ്ഞത്.
എന്നാല്‍ 2019-ലെ ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പാകിസ്താനെതിരെ മത്സരിച്ചിരുന്നു. വിരാട് കോഹ്ലി നയിച്ച ഇന്ത്യൻ ടീം 89 റൺസിനാണ് അന്ന് പാകിസ്താനെ തോല്‍പ്പിച്ചത്. പിന്നീട് 2021, 2022, 2023, 2024 ലോകകപ്പുകളിലും ഇരുടീമുകളും നേർക്കുനേർ വന്നു. 2025-ലെ ചാമ്പ്യൻസ് ട്രോഫി ലീഗ് ഘട്ടത്തിലും ഏഷ്യ കപ്പ് ഫൈനലിലും ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തി.
Content Highlights-Gautam Gambhir Wanted India To Boycott Pakistan In World Cups